Thursday, January 9, 2025
Sports

ലോകകപ്പില്‍ ചരിത്രനിമിഷം; പുരുഷന്മാരെ നിയന്ത്രിക്കാൻ വനിതാ സംഘം നാളെ മൈതാനത്ത്

ഖത്തര്‍ ലോകകപ്പില്‍ പുതുചരിത്രമെഴുതാൻ തയ്യാറെടുത്ത് ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രാപ്പാർട്ട്. വ്യാഴാഴ്ച നടക്കുന്ന ജർമ്മനി-കോസ്റ്റാറിക്ക മത്സരത്തോടെ സ്റ്റെഫാനി പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതയാകും. അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അസിസ്റ്റന്റ് റഫറിമാരായ ബ്രസീലിന്റെ നുജ ബാക്ക്, മെക്സിക്കോയുടെ കാരെൻ ഡയസ് മദീന എന്നിവരും ഫ്രാപ്പാർട്ടിനെ സഹായിക്കും.

ഒരു പുരുഷ ലോകകപ്പ് മത്സരത്തിന്റെ ചുമതല വനിതാ ഓൺ-ഫീൽഡ് റഫറിയിംഗ് ടീം ഏറ്റെടുക്കുമ്പോൾ അൽ ബൈത്ത് സ്റ്റേഡിയത്തിൽ പിറക്കുന്നത് ചരിത്രം. 38 കാരി സ്റ്റെഫാനി ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് ചേർക്കുന്നത് ഇതാദ്യമല്ല. പോളണ്ട്-മെക്‌സിക്കോ മത്സരത്തിൽ സ്റ്റെഫാനി അസിസ്റ്റന്റ് റഫറിയായി മത്സരം നിയന്ത്രിച്ചു. ലീഗ് 1, യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ റഫറിയാകുന്ന ആദ്യ വനിത കൂടിയാണ് ഫ്രാപ്പാർട്ട്.

“പുരുഷന്മാരുടെ ലോകകപ്പ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനമാണ്, ഫ്രാൻസിലും യൂറോപ്പിലും റഫറിയായി ആദ്യം വന്നത് ഞാനാണ്, കളി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം…” – കോസ്റ്റാറിക്കയും ജർമ്മനിയും തമ്മിലുള്ള മത്സരത്തെക്കുറിച്ച് സ്റ്റെഫാനി ഫ്രാപ്പാർട്ട് പറയുന്നു. “അവരെ തെരഞ്ഞെടുത്തത് സ്ത്രീകളായതുകൊണ്ടല്ല, അവർ ഫിഫ റഫറിമാരായാണ്, അവർക്ക് ഏത് കളിയും നിയന്ത്രിക്കാനാകും” – ലോകകപ്പിന് മുമ്പ് ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂജി കോളിന വനിതാ റഫറിമാരെ കുറിച്ച് വ്യക്തമാക്കിയിരുന്നു.

2019-ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ കപ്പ് സൂപ്പര്‍ ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്. പതിമൂന്നാം വയസിലാണ് സ്റ്റെഫാനി റഫറിയാവുന്നത്. 18 വയസില്‍ അണ്ടര്‍ 19 നാഷണല്‍ മത്സരങ്ങളില്‍ അവര്‍ റഫറിയായി. 2014ല്‍ ലീഗ് 2 നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി മാറിയിരുന്നു. 2015 ലെ വനിതാ ലോക കപ്പിലും സ്റ്റെഫാനി റഫറിയായിരുന്നു. 2019, 2020, 2021 വര്‍ഷങ്ങളില്‍ മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്‌കാരം സ്റ്റെഫാനിയെ തേടിയെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *