അസമിൽ ഗർഭിണിയായ അധ്യാപികയ്ക്ക് മർദ്ദനം; 22 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
അസമിലെ ദിബ്രുഗഡ് ജില്ലയിൽ അഞ്ച് മാസം ഗർഭിണിയായ അധ്യാപികയ്ക്ക് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. വിദ്യാർത്ഥികളിൽ ഒരാളുടെ മോശം പഠനത്തെയും പെരുമാറ്റത്തെയും കുറിച്ച് അധ്യാപിക മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചരിത്ര അധ്യാപികയെ 10, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ 22 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ജവഹർ നവോദയ വിദ്യാലയത്തിലെ ചരിത്ര അധ്യാപിക രക്ഷാകർതൃ-അധ്യാപക മീറ്റിംഗിൽ (പിടിഎം) ഒരു വിദ്യാർത്ഥിയുടെ മോശം അക്കാദമിക് പ്രകടനത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു. മീറ്റിംഗിന് ശേഷം തടിച്ചുകൂടിയ വിദ്യാർത്ഥികൾ പ്രധാന കെട്ടിടത്തിന് മുന്നിൽ വച്ച് അധ്യാപികയെ മർദ്ദിക്കാൻ തുടങ്ങി. അധ്യാപികയെ നിലത്ത് തള്ളിയിട്ട ശേഷമായിരുന്നു മർദ്ദനം.
മറ്റ് ചില വനിതാ അധ്യാപകരും സ്‌കൂൾ ജീവനക്കാരും ഓടിയെത്തി അധ്യാപികയെ രക്ഷിച്ചു. എന്നാൽ വിദ്യാർത്ഥികൾക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.