Thursday, January 9, 2025
Sports

ചരിത്രം കുറിച്ച് മൊറോക്കോ!! ദക്ഷിണ കൊറിയയെ അട്ടിമറിച്ച് വനിതാ ലോകകപ്പിൽ ആദ്യ ജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ ചരിത്രം കുറിച്ച് മൊറോക്കോ. ഞായറാഴ്ച നടന്ന ഗ്രൂപ്പ് എച്ച് ഏറ്റുമുട്ടലിൽ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. വനിതാ റാങ്കിംഗിൽ ദക്ഷിണ കൊറിയയേക്കാൾ 55 സ്ഥാനങ്ങൾ താഴെയാണ് മൊറോക്കോ. ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ മൊറോക്കോ ജർമ്മനിയോട് എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.

ഇബ്തിസാം ജറൈദിയാണ് മൊറോക്കോയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ ആറാം മിനിറ്റിലായിരുന്നു ചരിത്ര ഗോൾ. വലതുവശത്ത് നിന്ന് ഹനാനെ എയ്ത് എൽ ഹാജ് നൽകിയ ക്രോസ്, അതിവിദഗ്ധമായി ജറൈദി വലയിലെത്തിച്ചു. തിരിച്ചടിക്കാനുള്ള അവസരങ്ങൾ ദക്ഷിണ കൊറിയ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.

ജർമ്മനിക്കെതിരെ 6 ഗോളുകൾ വഴങ്ങിയെങ്കിലും മൊറോക്കോ ഗോൾകീപ്പർ ഖദീജ എർമിച്ചി ദക്ഷിണ കൊറിയക്കെതിരെ മികച്ച സേവുകൾ നടത്തി ചരിത്ര വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വനിതാ ലോകകപ്പിൽ ആദ്യമായി ശിരോവസ്ത്രം ധരിച്ച കളിക്കാനിറങ്ങിയ മൊറോക്കോ ഡിഫൻഡർ നൗഹൈല ബെൻസിനയും മികച്ച പ്രകടനമാണ് നടത്തിയത്.

ഈ വിജയത്തോടെ മൊറോക്കോ പ്രീക്വാർട്ടർ പ്രതീക്ഷകളും സജീവമാക്കി. അവസാന മത്സരത്തിൽ ഇനി കൊളംബിയയെ നേരിടും. ടൂർണമെന്റിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ടീമുകളിലൊന്നായ മൊറോക്കോ 72-ാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കൊറിയ ഇതോടെ ലോകകപ്പിൽ നിന്ന് പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *