ഒരു മത്സരത്തിൽ ഏറ്റവുമധികം സേവുകൾ നടത്തുന്ന ഗോൾ കീപ്പർ; 19 സേവുകളുമായി ബയേണിനെ ഒറ്റയ്ക്ക് തടഞ്ഞ് യാൻ സോമ്മർ
ബുണ്ടസ് ലിഗയിലെ ഒരു മത്സരത്തിൽ ഏറ്റവുമധികം സേവുകൾ നടത്തുന്ന ഗോൾ കീപ്പറെന്ന റെക്കോർഡുമായി മോൺചെൻഗ്ലെഡ്ബാചിൻ്റെ സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മർ. ബുണ്ടസ് ലീഗയിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെതിരെയാണ് സോമ്മർ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. മത്സരത്തിൽ ആകെ 19 സേവുകളാണ് സോമ്മർ നടത്തിയത്. കളി 1-1 എന്ന നിലയിൽ സമനില ആയി.
അലയൻസ് അരീനയിൽ കളി ആരംഭിക്കുന്നതിനു മുൻപ് തന്നെ ബയേൺ ജയമുറപ്പിച്ചിരുന്നു. എന്നാൽ, സോമ്മറിന് മറ്റ് ചില പദ്ധതികളാണ് ഉണ്ടായിരുന്നത്. 82ആം മിനിട്ട് വരെ ഒരു ഗോൾ പരാജയം പോലും ബയേൺ ഭയന്നിരുന്നു. ബയേണിൻ്റെ ആക്രമണങ്ങളൊക്കെ അസാധ്യ റിഫ്ലക്ഷനോടെ തടുത്തിട്ട സോമ്മർ ആകെ 19 സേവുകൾ നടത്തി. ഇതിൽ 11 എണ്ണം പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു.
ആകെ 33 ഷോട്ടുകൾ ബയേൺ തൊടുത്തപ്പോൾ 20 എണ്ണവും ഓൺ ടാർഗറ്റ്. ഇതിൽ 19 സേവുകൾ. 11 എണ്ണം ബോക്‌സിനുള്ളിൽ നിന്ന്. നാല് ക്ലിയറൻസുകൾ. രണ്ട് പഞ്ചുകൾ. 74 ടച്ചുകൾ. അസാധ്യ പ്രകടനം.
കളിയുടെ 43ാം മിനിറ്റിൽ മോൺചെൻഗ്ലെഡ്ബാച് ലീഡ് സ്വന്തമാക്കിയിരുന്നു. സമനില നേടാൻ 83ാം മിനിറ്റ് വരെ കാക്കേണ്ടി വന്നു.