കനത്ത മഴ നാശം വിതയ്ക്കുന്നു, കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചിൽ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
ബത്തേരി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും നാശം വിതയ്ക്കുന്നു. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടാകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. കണ്ണൂരിന് പിന്നാലെ വയനാട് ബത്തേരിയും ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ ദുരിതം അനുഭവിക്കുകയാണ്. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് സംഭവം. തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളിൽ വെള്ളം കയറി. വയലിനോട് ചേർന്ന സ്ഥലമായതിനാൽ വേഗത്തിൽ വെള്ളം കയറുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.