നായകനായി അരങ്ങേറിയ മത്സരത്തിൽ തന്നെ റെക്കോർഡുകൾ കെട്ടിപ്പൊക്കി ധവാൻ
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായുള്ള ധവാന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ ശ്രീലങ്കയുമായുള്ളത്. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനെന്ന നേട്ടം മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ 35കാരനായ ധവാൻ സ്വന്തമാക്കിയിരുന്നു. മത്സര ശേഷവും ഒരു പിടി റെക്കോർഡുകളുമായാണ് ധവാൻ മൈതാനം വിട്ടത്.
മത്സരത്തിൽ 86 റൺസുമായി ധവാൻ പുറത്താകാതെ നിന്നു. 23 റൺസ് നേടിയതോടെ ഏകദിന ക്രിക്കറ്റിൽ 6000 റൺസ് അദ്ദേഹം തികച്ചു. ലോക ക്രിക്കറ്റിൽ 6000 റൺസ് വേഗത്തിൽ പൂർത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിൽ നാലാമനാണ് ധവാൻ. 140 ഇന്നിംഗ്‌സുകളിൽ നിന്നാണ് ധവാൻ ആറായിരം റൺസ് തികച്ചത്.
ആറായിരം റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ ഇന്ത്യൻ താരം കൂടിയാണ് ധവാൻ. 17 റൺസ് നേടിയതോടെ ശ്രീലങ്കക്കെതിരെ ആയിരം റൺസ് എന്ന നേട്ടവും ധവാൻ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമാണ് ധവാൻ. നായകനായി അരങ്ങേറിയ മത്സരത്തിൽ അർധ സെഞ്ച്വറി തികയ്ക്കാനും നോട്ട് ഔട്ടായി നിൽക്കാനും താരത്തിന് സാധിച്ചു.