ഒമിക്രോൺ: നെതർലാൻഡ്-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മാറ്റിവെച്ചു
ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ നെതർലൻഡ്സ്-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മാറ്റിവെച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്തവർഷം പരമ്പര നടത്താൻ നെതർലൻഡ്സ് ക്രിക്കറ്റ് ബോർഡും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും ആലോചിച്ചുവരികയാണെന്ന് സിഎസ്എ ആക്ടിംഗ് സിഇഒ പറഞ്ഞു. എന്നാല്‍ കേസുകള്‍ കൂടിവരുന്നതിനാല്‍ അടുത്ത വര്‍ഷവും പരമ്പര നടക്കുമോ എന്നുറപ്പില്ല.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കാണ് നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയിൽ എത്തിയത്. വെള്ളിയാഴ്ചയായിരുന്നു പരമ്പരയിലെ ആദ്യ മത്സരം.എന്നാൽ ആദ്യ മത്സരത്തിന് മുൻപ് തന്നെ പരമ്പര ഉപേക്ഷിക്കാൻ തീരുമാനമായിരുന്നുവെന്നും എന്നാൽ ഡിസംബർ മൂന്നിന് മുൻപ് നെതർലൻഡ്സ് ടീമിന് നാട്ടിലേക്ക് വിമാനം ലഭിക്കില്ല എന്ന സാഹചര്യമുണ്ടായതോടെ ആദ്യ മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പുതിയ വകഭേദം ആഫ്രിക്കയിൽ കണ്ടെത്തിയതോടെ ബ്രിട്ടണ് ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിംഗപ്പൂർ, യുഎഇ രാജ്യങ്ങളും ആഫ്രിക്കൻ വിമാനങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ വിലക്ക് പ്രഖ്യാപിച്ചാൽ പരമ്പരയ്ക്ക് ശേഷം താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇതുകൂടി പരിഗണി ച്ചാണ് പരമ്പര ഉപേക്ഷിക്കാൻ ഇരു ബോർഡുകളും ആലോചിച്ചത്.
അതേസമയം ഒമിക്രോൺ ജര്‍മനിയിലും സ്ഥിരീകരിച്ചു. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ഒരാളിലാണ് രോഗം സംശയിക്കുന്നത്. ഒമിക്രോൺ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് ജർമനി. നേരത്തെ ബെല്‍ജിയത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.