മൂന്നാം മത്സരത്തിൽ കൂറ്റൻ വിജയം; സഞ്ജുവിൻ്റെ നായകത്വത്തിൽ ന്യൂസീലൻഡ് എയ്ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ എ
ന്യൂസീലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. അവസാന മത്സരത്തിൽ ന്യൂസീലൻഡിനെതിരെ 106 റൺസ് വിജയം നേടിയതോടെയാണ് ഇന്ത്യ എ പരമ്പര തൂത്തുവാരിയത്. ഇന്ത്യ മുന്നോട്ടുവച്ച 285 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് എ 38.3 ഓവറിൽ 178 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. 83 റൺസെടുത്ത ഡെയിൻ ക്ലീവർ ന്യൂസീലൻഡ് ടോപ്പ് സ്കോററായി. രാജ് ബവ ഇന്ത്യക്കായി 4 വിക്കറ്റ് വീഴ്ത്തി.
52 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി ന്യൂസീലൻഡ് എയുടെ തുടക്കം മികച്ചതായിരുന്നു. ചാഡ് ബോവ്സിനെ പുറത്താക്കിയ രാഹുൽ ചഹാർ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. തുടർന്ന് നിശ്ചിത ഇടവേളകളിൽ ന്യൂസീലൻഡിന് വിക്കറ്റ് നഷ്‌മായി. വിക്കറ്റ് കീപ്പർ ഡെയിൻ ക്ലീവർ മാത്രമാണ് കിവീസ് നിരയിൽ പിടിച്ചുനിന്നത്. 29 റൺസെടുത്ത മൈക്കൽ റിപ്പൺ ആണ് കിവീസ് നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോറുകാരൻ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ 49.3 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ (54) ടോപ്പ് സ്കോറർ ആയപ്പോൾ ശാർദുൽ താക്കൂർ (51), തിലക് വർമ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി.