സിറ്റിക്ക് മുന്നിൽ അടിയറവ് പറഞ്ഞ് പി എസ് ജി; ലിവർപൂളും റയലും പ്രീ ക്വാർട്ടറിൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ മുട്ടുകുത്തി പി എസ് ജി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി മെസിയുടെ പി എസ് ജിയെ തകർത്തത്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലെ അമ്പതാം മിനിറ്റിൽ എംബാപെ പി എസ് ജിയെ മുന്നിലെത്തിച്ചു. എന്നാൽ 13 മിനിറ്റിന് ശേഷം റഹീം സ്റ്റെർലിംഗിലൂടെ സിറ്റി സമനില പിടിച്ചു. 76ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് സിറ്റിക്ക് വിജയ ഗോളും സമ്മാനിച്ചു. നെയ്മറും എംബാപെയും മെസ്സിയുമൊക്കെ ഇറങ്ങിയിട്ടും സിറ്റിക്കെതിരെ പിടിച്ചു നിൽക്കാൻ പി എസ് ജിക്ക് സാധിച്ചില്ല. ജയത്തോടെ സിറ്റി പ്രീ ക്വാർട്ടറിൽ കടന്നു
ഗ്രൂപ്പ് ബിയിൽ അത്‌ലറ്റിക്കോയെ എതിരില്ലാത്ത ഒരു ഗോളിന് എ സി മിലാൻ കീഴടക്കി. ജുനിയർ മെസിയാസാണ് മിലാന്റെ വിജയ ഗോൾ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലിവർപൂൾ പോർട്ടോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. സലായും തിയാഗോ അൻകാന്റയും ഗോളുകൾ നേടി.
ഗ്രൂപ്പ് ഡിയിൽ റയൽ മാഡ്രിഡ് ഷെറീഫിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ടോണി ക്രൂസ്, കരീം ബെൻസേമ, ഡേവിഡ് അലാബ എന്നിവരാണ് സ്‌കോർ ചെയ്തത്. ഇന്റർമിലാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഷാക്തർ ഡോണെട്‌സ്‌കിനെ പരാജയപ്പെടുത്തി. എഡിൻ സെക്കോ ഇരട്ട ഗോളുകൾ നേടി.