Monday, January 6, 2025
Sports

ഐപിഎൽ; സിഎസ്‌കെ x ഡല്‍ഹി, ജയം ധോണിക്ക് അഭിമാന പ്രശ്‌നം, കണക്കുകളില്‍ സിഎസ്‌കെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏഴാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍. രണ്ട് മത്സരം പൂര്‍ത്തിയാക്കിയ ചെന്നൈ ഒരു മത്സരത്തില്‍ തോല്‍ക്കുകയും ഒരു മത്സരത്തില്‍ ജയിക്കുകയും ചെയ്തപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയ കരുത്തുമായാണ് ഡല്‍ഹിയുടെ വരവ്. കണക്കുകളില്‍ സിഎസ്‌കെ ഏറെ മുന്നിലാണെങ്കിലും ഇത്തവണത്തെ ഡല്‍ഹി നിരയെ വീഴ്ത്തുക ധോണിക്കും സംഘത്തിനും എളുപ്പമാവില്ല, ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാവും മത്സരം.

ധോണിക്ക് അഭിമാന പോരാട്ടം
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം ധോണിയെ ചെറുതായൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. മത്സരത്തില്‍ ധോണിയുടെ പരീക്ഷണങ്ങളെല്ലാം പാളിയതോടെ 16 റണ്‍സിന്റെ തോല്‍വിക്കൊപ്പം വലിയ വിമര്‍ശനങ്ങളും ധോണിക്ക് നേരിടേണ്ടി വന്നു. ഇതിനെല്ലാം ഇന്ന് ജയത്തോടെ മറുപടി പറയാനുറച്ചാവും ധോണി ഇറങ്ങുക. ഏറെ നാളായി ബാറ്റ് ചെയ്യാത്തതിനാല്‍ ബാറ്റിങ്ങില്‍ ഒരുപാട് താഴെ സ്ഥാനത്താണ് ധോണി ഇറങ്ങുന്നത്. എന്നാല്‍ രാജസ്ഥാനെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ മൂന്ന് സിക്‌സര്‍ പറത്തിയ ധോണി തിരിച്ചുവരവ് അറിയിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ നാലാം നമ്പറില്‍ ധോണിയെ പ്രതീക്ഷിക്കാം.

പരിക്ക് സിഎസ്‌കെയെ വലയ്ക്കുന്നു. മുംബൈക്കെതിരേ അര്‍ധ സെഞ്ച്വറിയോടെ സിഎസ്‌കെയെ വിജയത്തിലെത്തിച്ച അമ്പാട്ടി റായിഡു ഇന്നത്തെ മത്സരത്തിലും ഉണ്ടാകില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ,സ്റ്റാര്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവര്‍ കളിക്കുന്ന കാര്യവും സംശയമാണ്. മൂന്നാം നമ്പറില്‍ ഫഫ് ഡുപ്ലെസിസിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരെയും വിശ്വാസിക്കാനാവില്ല. ബൗളര്‍മാരുടെ പ്രകടനവം നിരാശയാണ്.

ജയം തുടരാന്‍ ഡല്‍ഹി
പഞ്ചാബിനെതിരേ വിജയം നേടിയെങ്കിലും ഡല്‍ഹിക്ക് തലവേദനകളേറെ. ബൗളിങ് നിര പ്രതീക്ഷ കാക്കുന്നുണ്ടെങ്കിലും ബാറ്റിങ് നിരയുടെ കാര്യം അങ്ങനെയല്ല. ശിഖര്‍ ധവാന്‍, പൃത്ഥ്വി ഷാ, ഹെറ്റ്‌മെയര്‍ തുടങ്ങിയ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. മധ്യനിരയില്‍ നായകന്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരാണ് ടീമിന്റെ കരുത്ത്. പഞ്ചാബിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തിയ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ സാന്നിധ്യവും ടീമിന് കരുത്താണ്. ആദ്യ മത്സരത്തിലെ ടീമിനെ ഡല്‍ഹി നിലനിര്‍ത്താനാണ് സാധ്യത. പരിക്കൊന്നും കാര്യമായി ടീമിനെ അലട്ടുന്നില്ല എന്നതാണ് ആശ്വാസം. ഇഷാന്ത് ശര്‍മ മാത്രമാണ് നിലവില്‍ ഡല്‍ഹി നിരയില്‍ പരിക്കിന്റെ പിടിയിലുള്ളത്. എന്നാല്‍ കഗിസോ റബാദ നയിക്കുന്ന പേസ് നിര മികച്ച ഫോമിലുള്ളത് ഇഷാന്തിന്റെ വിടവ് നികത്തുന്നു.

കളിക്കണക്കില്‍ സിഎസ്‌കെ
ഇതുവരെ 21 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 15 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. 6 തവണ ഡല്‍ഹിയും ജയിച്ചു. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ അന്നത്തെ ടീമില്‍ നിന്ന് വളരെ മാറ്റമുള്ളതിനാലും സാഹചര്യങ്ങളില്‍ മാറ്റമുള്ളതിനാലും കളിക്കണക്കിലെ ആധിപത്യത്തിന് വലിയ പ്രസക്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *