ഐപിഎൽ 2020: ഓപ്പോയുമായി കരാര്‍, ധോണിക്ക് എതിരെ രോഷം
14 മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ എംഎസ് ധോണി തിരിച്ചെത്തുന്നു. കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് തോല്‍വിക്ക് ശേഷം പാഡഴിച്ചതാണ് ധോണി. ശേഷം താരം ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത് ഇതാദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്ഥിതിക്ക് ഐപിഎല്ലിലും ധോണി ഏറെക്കാലമുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ശക്തം. എന്തായാലും പുതിയ ഐപിഎല്‍ സീസണിലെ മുഖ്യാകര്‍ഷണമായി ധോണി മാറിക്കഴിഞ്ഞു.
ശനിയാഴ്ച്ച മുംബൈ ഇന്ത്യന്‍സിനെതിരെ ധോണിയുടെ ചെന്നൈപ്പട മാറ്റുരയ്ക്കും. എന്നാല്‍ ഇതിനിടെ ധോണിയുടെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് വാര്‍ത്ത ആരാധകരില്‍ ഒരുവിഭാഗത്തെ ചൊടിപ്പിക്കുന്നുണ്ട്. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുമായി ധോണി പരസ്യകരാര്‍ ഒപ്പിട്ടതാണ് സംഭവം.
നേരത്തെ, ഇന്തോ-ചൈന അതിര്‍ത്തിത്തര്‍ക്കവും തുടര്‍ന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധവും കാരണം ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ വിവോയ്ക്ക് ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ പദവി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അടുത്തിടെയാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 224 ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇതേസമയം, ചൈനീസ് കമ്പനികളായ വിവോ, ഓപ്പോ തുടങ്ങിയവയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ തടസ്സമില്ല. എന്തായാലും ധോണി ഓപ്പോയുമായി കരാര്‍ ഒപ്പിട്ടത് ആരാധകരില്‍ ചിലര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ധോണിയുടെ ബ്രാന്‍ഡ് മൂല്യം കണ്ടാണ് താരവുമായി ഓപ്പോ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ഓപ്പോയുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ധോണിയും ട്വിറ്ററില്‍ പ്രതികരിക്കുകയുണ്ടായി. ഇതിനെതിരെയാണ് ആരാധകവിഭാഗത്തിന്റെ രോഷം മുഴുവന്‍. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവെ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള ധോണി ചൈനീസ് ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. ഇതേസമയം, ഓപ്പോയുടെ പരസ്യത്തില്‍ ധോണി വരുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് വാദിക്കുന്നവരും ഏറെയുണ്ട്. എന്തായാലും ധോണിയുടെ ബ്രാന്‍ഡ് മൂല്യം ഓപ്പോയ്ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.