ഐപിഎൽ 2020: പരിചയസമ്പത്തിന്റെ കരുത്തില്‍ സിഎസ്‌കെ; ശക്തി, ദൗര്‍ബല്യം, അറിയേണ്ടതെല്ലാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിര തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം എസ് ധോണിയെന്ന നായകന് കീഴില്‍ ഇതിനോടകം മൂന്ന് കിരീടങ്ങള്‍ സിഎസ്‌കെ സ്വന്തമാക്കി കഴിഞ്ഞു. രണ്ട് സീസണില്‍ വിലക്ക് ലഭിച്ചതിനാല്‍ വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടും തിരിച്ചുവന്ന കിരീടം നേടിയവരാണ് ആരാധകരുടെ ഈ മഞ്ഞപ്പട. ഇത്തവണയും മികച്ച താരങ്ങള്‍ സിഎസ്‌കെയില്‍ ഉണ്ടെങ്കിലും ചില തിരിച്ചടികള്‍ ടീം നേരിടുന്നുണ്ട്. യുഎഇയിലെ മൈതാനത്ത് ഇത്തവണത്തെ സിഎസ്‌കെയുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.
സീനിയര്‍ ബാറ്റിങ് നിര കരുത്ത്
മറ്റ് ടീമുകളെ അപേക്ഷിച്ച് സിഎസ്‌കെയുടെ പ്രധാന സവിശേഷത അവരുടെ ബാറ്റിങ് നിരയുടെ അനുഭവസമ്പത്ത് തന്നെയാണ്. ഓപ്പണര്‍മാരായി ഷെയ്ന്‍ വാട്‌സണൊപ്പം അമ്പാട്ടി റായിഡു എത്താനാണ് സാധ്യത. സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ഫഫ് ഡുപ്ലെസിസ് മൂന്നാം നമ്പറിലെത്തും. എം എസ് ധോണി,കേദാര്‍ ജാദവ്,ഡ്വെയ്ന്‍ ബ്രാവോ,മുരളി വിജയ്,രവീന്ദ്ര ജഡേജ,മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെല്ലാം ബാറ്റിങ്ങില്‍ ടീമിന് പരീക്ഷിക്കാന്‍ സാധിക്കുന്ന താരങ്ങളാണ്. ഇവരെല്ലാം ക്രിക്കറ്റില്‍ വളരെ പരിചയസമ്പന്നരും മികച്ച റെക്കോഡുള്ളവരുമാണ്. യുഎഇയിലെ മൈതാനം സ്പിന്നിന് അനുകൂലമായതിനാല്‍ത്തന്നെ സ്പിന്നര്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന സിഎസ്‌കെയുടെ സീനിയര്‍ നിര ഇത്തവണ വളരെ പ്രതീക്ഷ നല്‍കുന്നു.
ഏറ്റവും മികച്ച സ്പിന്‍ നിര
യുഎഇയിലെ സ്പിന്‍ മൈതാനത്ത് ഏറ്റവും മികച്ച സ്പിന്‍ കരുത്ത് ആര്‍ക്കെന്ന ചോദ്യത്തിന് സിഎസ്‌കെ എന്ന് കണ്ണടച്ച് പറയാം. കാരണം അത്രമാത്രം മികച്ച സ്പിന്‍ ബൗളര്‍മാര്‍ ഇത്തവണയുണ്ട്. കരണ്‍ ശര്‍മ,രവീന്ദ്ര ജഡേജ,മിച്ചല്‍ സാന്റ്‌നര്‍,ഇമ്രാന്‍ താഹിര്‍,പീയൂഷ് ചൗള ഇങ്ങനെ നീളുന്ന സ്പിന്‍ കരുത്ത്. പേസ് ബൗളര്‍മാരില്‍ ലൂങ്കി എന്‍ഗിഡിയ്‌ക്കൊപ്പം ജോഷ് ഹെയ്‌സല്‍വുഡിനെയും സാം കറാനെയും സിഎസ്‌കെ ടീമിലെത്തിച്ചു. ഇന്ത്യന്‍ പേസര്‍മാരായി ദീപക് ചഹാര്‍,കെ എം ആസിഫ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണുള്ളത്.
ഓള്‍റൗണ്ടര്‍മാര്‍ മിന്നിക്കും
ഫിനിഷര്‍ റോളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മൂന്ന് ഓള്‍റൗണ്ടര്‍മാരാണ് ടീമിലുള്ളത്. ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങി നേരത്തെ കരുത്ത് തെളിയിച്ചവരാണ്. ഷെയ്ന്‍ വാട്‌സണ്‍ ഓപ്പണിങ്ങിലാവും വെടിക്കെട്ട് തീര്‍ക്കുക. പീയൂഷ് ചൗളയും ബാറ്റുകൊണ്ട് നിര്‍ണ്ണായക സംഭാവന നല്‍കാന്‍ കെല്‍പ്പുള്ളവനാണ്.
ദൗര്‍ബല്യം
സീനിയര്‍ നിര തന്നെയാണ് ടീമിന്റെ ശക്തിയും ദൗര്‍ബല്യവും. ഫഫ് ഡുപ്ലെസിസ്, അമ്പാട്ടി റായിഡു, ഷെയ്ന്‍ വാട്‌സണ്‍, എം എസ് ധോണി, കേദാര്‍ ജാദവ്, മുരളി വിജയ് തുടങ്ങിയവരെല്ലാം ഏറെ നാളായി മത്സരം കളിച്ചിട്ട്. കൂടാതെ ഇവര്‍ അന്താരാഷ്ട്ര ടീമിന് പുറത്തുള്ളവരും വിരമിച്ചവരുമാണ്. അതിനാല്‍ത്തന്നെ ഇവരുടെ ഫോം സംശയം ഉയര്‍ത്തുന്നു.
സുരേഷ് റെയ്‌നയുടെ അഭാവമാണ് ഇത്തവണത്തെ പ്രധാന പ്രശ്‌നം. ഉത്തമ പകരക്കാരനെ കണ്ടെത്തുക എളുപ്പവുമാകില്ല. അതിവേഗം റണ്‍സുയര്‍ത്താനുള്ള റെയ്‌നയുടെ കഴിവ് പകരമെത്താന്‍ കൂടുതല്‍ സാധ്യതയുള്ള ഫഫ് ഡുപ്ലെസിസിന് ഇല്ല. റെയ്‌നയുടെ വിടവ് ടീമിന് വലിയ തിരിച്ചടിയാകും.
സിഎസ്‌കെ ടീം
എം എസ് ധോണി (ക്യാപ്റ്റന്‍), റുഥുരാജ് ജയ്ക്‌വാഡ്, അമ്പാട്ടി റായിഡു, മുരളി വിജയ്, കേദാര്‍ ജാദവ്, നാരായണ്‍ ജഗദീസന്‍, ഫഫ് ഡുപ്ലെസിസ്-ഓള്‍റൗണ്ടര്‍മാര്‍-ഡ്വെയ്ന്‍ ബ്രാവോ, ഷെയ്ന്‍ വാട്‌സണ്‍, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍- ബൗളിങ് നിര-കെ എം ആസിഫ്, ദീപക് ചഹാര്‍, ഇമ്രാന്‍ താഹിര്‍, കരണ്‍ ശര്‍മ, ലൂങ്കി എന്‍ഗിഡി, ശര്‍ദുല്‍ ഠാക്കൂര്‍, സാം കറാന്‍, പീയൂഷ് ചൗള, ജോഷ് ഹെയ്‌സല്‍വുഡ്, ആര്‍ സായ് കിഷോര്‍, മോനു കുമാര്‍