സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും; എതിരാളികള്‍ ലക്ഷദ്വീപ്
ശക്തരായ റെയില്‍വേസിനെ ഏക ഗോളിന് കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ് കേരളം. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപാണ് എതിരാളികള്‍. വൈകുന്നേരം മൂന്നരക്ക് കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചില്‍ താരതമ്യേന ദുര്‍ബലരായ ലക്ഷദ്വീപിനോട് വലിയ സ്‌കോറില്‍ വിജയിക്കാനായിരിക്കും കേരളത്തിന്റെ ശ്രമം. എന്നാല്‍ പുതുച്ചേരിയോട് 3-2 സ്‌കോറില്‍ പൊരുതി കീഴടങ്ങിയ ദ്വീപുകാരെ അങ്ങനെ നിസാരക്കാരായി കാണാനും കഴിയില്ല. ശക്തമായ ടീമാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വാക്കുകളിലെ കരുത്ത് കളത്തില്‍ പ്രകടമാക്കാനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മേല്‍ക്കൈ നേടാന്‍ കേരളത്തിന് ആകും. നിലവില്‍ മൂന്ന് വീതം പോയിന്റുമായി പുതുച്ചേരിയും കേരളവുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്. റെയില്‍വേസുമായി നടന്ന ആദ്യ മത്സരത്തില്‍ മുന്നേറ്റനിരയിലടക്കം എല്ലാ പോരായ്മകളും പരിഹരിച്ചായിരിക്കും ഇന്ന് കേരളമിറങ്ങുക. റെയില്‍വേസുമായി ആദ്യമത്സരം ജയിക്കാനായി എന്നത് ടൂര്‍ണമെന്റി ഫൈനല്‍ റൗണ്ട് പോരാട്ടത്തിലേക്ക് എത്താനുള്ള സാധ്യത കൂട്ടുന്നതായിരുന്നു. ഇന്നത്തെ മത്സരം വലിയ മാര്‍ജിനില്‍ വിജയച്ചില്‍ ഗ്രൂപ്പ് ജേതാക്കളായി ഫൈനല്‍ റൗണ്ട് മത്സരങ്ങളിലേക്ക് കേരളത്തിന് എത്താന്‍ കഴിയും. ഈ മാസം 24ന് പുതുച്ചേരിയുമായാണ് പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരം. 2017 മുതലാണ് ലക്ഷദ്വീപ് സന്തോഷ് ട്രോഫി കളിച്ചു തുടങ്ങിയത്. എങ്കിലും ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ വേണ്ടുവോളം പഠിച്ച താരങ്ങള്‍ തന്നെയാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു പുതുച്ചേരിയുമായുള്ള അവരുടെ മത്സരം. ലക്ഷദ്വീപിന്റെ അവസാന മത്സരം റെയില്‍വേസുമായാണ്.