എംബാപ്പെയ്ക് ക്യാപ്റ്റൻ സ്ഥാനം നൽകിയതിൽ അതൃപ്തി; ഗ്രീസ്‌മാൻ വിരമിക്കുന്നു എന്ന് റിപ്പോർട്ട്
ഫ്രാൻസ് ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം യുവതാരം എംബാപ്പെയ്ക്ക് നൽകിയതിൽ മുതിർന്ന താരം അൻ്റോയിൻ ഗ്രീസ്‌മാന് അതൃപ്തിയെന്ന് റിപ്പോർട്ട്. താരം ദേശീയ ടീമിൽ നിന്ന് വിരമിക്കാനൊരുങ്ങുകയാണെന്ന് ഡെയിലി മെയിലും ഗോളും അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ഹ്യൂഗോ ലോറിസ് സ്ഥാനമൊഴിഞ്ഞതോടെ താൻ ക്യാപ്റ്റനാവുമെന്നാണ് ഗ്രീസ്‌മാൻ കരുതിയിരുന്നതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 32 വയസുകാരനായ താരം 2014ലാണ് ദേശീയ ടീമിൽ അരങ്ങേറുന്നത്. 117 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഗ്രീസ്‌മാൻ 42 ഗോളുകളും നേടി. അതുകൊണ്ട് തന്നെ സീനിയോരിറ്റി പരിഗണിച്ച് തന്നെ ക്യാപ്റ്റനാക്കുമെന്നാണ് ഗ്രീസ്‌മാൻ കരുതിയിരുന്നത്. എന്നാൽ, എംബാപ്പെയെ നായകനാക്കിയ പരിശീലകൻ ദിദിയർ ദെഷാംപ്സ് ഗ്രീസ്‌മാനെ വൈസ് ക്യാപ്റ്റനാക്കി.
മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാൻഡ് സമ്മാനിക്കാൻ ഫ്രഞ്ച് ഫുട്ബോൾ തീരുമാനിച്ചത്. 24കാരനായ താരം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സുമായി ചർച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്.
ഫ്രാൻസിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ലോറിസ് ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെ വിരമിക്കുകയായിരുന്നു. മത്സരത്തിൽ അർജൻ്റീനയ്ക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് കീഴടങ്ങിയത്. ഫൈനലിൽ എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു.
ദേശീയ ജഴ്സിയിൽ ആകെ 66 മത്സരങ്ങളാണ് എംബാപ്പെ കളിച്ചിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയിലുള്ള എംബാപ്പെയുടെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നെതർലൻഡ്‌സിനെതിരെ നടക്കും. യൂറോ 2024 യോഗ്യതാ മത്സരമാണ് ഇത്.