Friday, January 24, 2025
Sports

ബിസിസിഐയുടെ പുതിയ സെലക്ഷൻ കമ്മറ്റി അടുത്ത വർഷം ജനുവരിയിലെന്ന് റിപ്പോർട്ട്

ബിസിസിഐയുടെ പുതിയ സെലക്ഷൻ അടുത്ത വർഷം ജനുവരിയിൽ രൂപീകരിക്കപ്പെടുമെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ഉപദേശക സമിതി ഡിസംബർ 30ന് യോഗം ചേരും. ഈ യോഗത്തിൽ വച്ചാവും തെരഞ്ഞെടുപ്പ്. മുൻ മുഖ്യ സെലക്ടർ ചേതൻ ശർമ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് സൂചനയുണ്ട്. മുഖ്യ സെലക്ടർ ആയില്ലെങ്കിലും സെലക്ഷൻ കമ്മറ്റിയിലെങ്കിലും ചേതൻ ശർമ ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഒഴിവാക്കിയത് താരത്തിൻ്റെ കാൽമുട്ടിനു പരുക്കേറ്റതിനാലെന്നാണ് സൂചന. പന്തിനോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 15 ദിവസമെങ്കിലും അക്കാദമിയിൽ ചെലവഴിച്ച് പരുക്കിൽ നിന്ന് മുക്തി നേടണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2023 ജനുവരി 3ന് താരം അക്കാദമിയിലെത്തും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ താരം ടീമിൽ തിരികെയെത്തുമെന്നാണ് വിവരം.

ഇന്ത്യക്കെതിരായ ഏകദിന ടി-20 പരമ്പരയ്ക്കുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. ദാസുൻ ഷാനകയാണ് രണ്ട് ടീമിനെയും നയിക്കുക. ഏകദിനത്തിൽ കുശാൽ മെൻഡിസും ടി-20യിൽ വനിന്ദു ഹസരങ്കയും വൈസ് ക്യാപ്റ്റനാവും. ഭാനുക രാജപക്സയും നുവാൻ തുഷാരയും ടി-20യിലും ജെഫ്രി വൻഡെർസേയും നുവനിദു ഫെർണാണ്ടോയും ഏകദിന ടീമിലും മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. മൂന്ന് വീതം ഏകദിന ടി-20 മത്സരങ്ങലാണ് പര്യടനത്തിലുള്ളത്.

ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടി-20 ടീമിൽ മാത്രമേ ഇടം പിടിച്ചുള്ളൂ. ഏകദിന ടീമിനെ രോഹിത് ശർമയും ടി-20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *