ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടേക്കും; അടുത്ത സീസണിൽ മുംബൈക്കായി കളിക്കുമെന്ന് റിപ്പോർട്ട്
കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരവുമായ ബാർതലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടേക്കുമെന്ന് സൂചന. നീക്കം അവസാന ഘട്ടത്തിലാണെന്നും ഇരു ക്ലബുകളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗോൾ ഡോട്ട്കോം റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സിലെത്തിയത്.
പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഓഗ്ബച്ചെ സീനിയർ ടീമിൽ 60ലധികം തവണ കളിച്ചു. 2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിൻ്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ഉജ്ജ്വല ഫോമിലായിരുന്നു താരം. നോർത്തീസ്റ്റിൽ നിന്ന് പരിശീലകൻ ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയൻ താരം അദ്ദേഹം പോകുന്നതോടെ ക്ലബ് വിടും എന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ പിന്നീട് താരം ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയെന്ന റിപ്പോർട്ടുകളും ഉയർന്നു.
വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്ന് ഓഗ്ബച്ചെ പറഞ്ഞിരുന്നു. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്നത് ഉടൻ അറിയിക്കാമെന്നും ഇപ്പോൾ അത് പറയാനാവില്ലെന്നും ഓഗ്ബച്ചെ പറഞ്ഞു.