പരമ്പര പിടിച്ച് ഇന്ത്യ; മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഇതാ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന പരമ്പര നേട്ടമാണിത്. ലോകത്തിലെ ഒന്നാം നമ്പര്‍ ടി20ടീമിനെയാണ് ഇന്ത്യ വീഴ്ത്തിയത്.
ആവേശകരമായ അഞ്ചാം മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഒന്ന് പരിശോധിക്കാം.
ടി20യില്‍ പരമ്പര കൈവിടാതെ ഇന്ത്യ
വിരാട് കോലി ടി20 ക്യാപ്റ്റന്‍സി ഒഴിയണമെന്ന മുറവിളി ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തുമ്പോഴും ഇന്ത്യയെ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ് കോലി. തുടര്‍ച്ചയായ ആറാം ടി20 കിരീടമാണ് ഇന്ത്യ അലമാരയിലെത്തിക്കുന്നത്. 2019 മാര്‍ച്ചിന് ശേഷം ഇന്ത്യ ഒരു ടി20 മത്സരം പോലും തോറ്റിട്ടില്ല. കൂടാതെ ഇംഗ്ലണ്ടിനെതിരേ മൂന്ന് ടി20 പരമ്പര നേടുന്ന ആദ്യത്തെ ടീമാകാനും ഇന്ത്യക്കായി. 2017,2018 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യയുടെ പരമ്പര നേട്ടം. 224 എന്ന വമ്പന്‍ സ്‌കോറാണ് ഇന്ത്യ അഞ്ചാം മത്സരത്തില്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരേ ടീമിന്റെ ഉയര്‍ന്ന ടി20 ടോട്ടലും ടീമിന്റെ ഉയര്‍ന്ന നാലാമത്തെ ടി20 ടോട്ടലുമാണിത്.
ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടി
ആഗസ്റ്റ് 2018ന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു ടി20 പരമ്പര തോല്‍ക്കുന്നത്. 2018 ജൂലൈയില്‍ ഇന്ത്യയോടായിരുന്നു അവര്‍ അവസാനമായി പരമ്പര തോറ്റത്. എട്ട് പരമ്പരകള്‍ നേടി ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായി എത്തിയ ശേഷമാണ് ഇന്ത്യയോട് ഇംഗ്ലണ്ട് മുട്ടുമടക്കിയത്. മികച്ച താരനിരതന്നെ ഇംഗ്ലണ്ടിനൊപ്പമുണ്ടെങ്കിലും ആതിഥേയരായ ഇന്ത്യയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു.
റെക്കോഡ് കുറിച്ച് മലാന്‍
ടി20യില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡ് ഡേവിഡ് മലാന്‍ സ്വന്തമാക്കി. വെറും 24 ഇന്നിങ്‌സില്‍ നിന്നാണ് മലാന്റെ നേട്ടം. 26 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ പാകിസ്താന്റെ ബാബര്‍ അസാമിനെയാണ് മലാന്‍ കടത്തിവെട്ടിയത്. ഇന്ത്യന്‍ പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന മലാന്‍ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. താരത്തിന്റെ 10ാം ടി20 അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്. വേഗത്തില്‍ 10 ടി20 അര്‍ധ സെഞ്ച്വറി നേടുന്ന താരവും മലാനാണ്.
റെക്കോഡ് മഴ തീര്‍ത്ത് കോലി
ആരോണ്‍ ഫിഞ്ചിനെ മറികടന്ന് ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ടി20 റണ്‍സ് നേടുന്ന താരമായി വിരാട് കോലി. കോലിയുടെ പേരില്‍ 1502 റണ്‍സും ആരോണ്‍ ഫിഞ്ചിന്റെ പേരില്‍ 1462 റണ്‍സുമാണുള്ളത്. 12ാം അര്‍ധ സെഞ്ച്വറി കുറിച്ച കോലി ടി20 ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്നവരുടെ പട്ടികയില്‍ തലപ്പത്തെത്തി.അഞ്ച് മത്സര പരമ്പരയില്‍ 231 റണ്‍സാണ് കോലി നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഒരു അഞ്ച് മത്സര ടി20 പരമ്പരയില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്.
റെക്കോഡിട്ട് രോഹിതും
ഓപ്പണറായി തല്ലിത്തകര്‍ത്ത രോഹിത് ടി20യില്‍ 250 ബൗണ്ടറികള്‍ പിന്നിട്ടു. വിരാട് കോലിക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 34 പന്തില്‍ നാല് ഫോറും 5 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സാണ് രോഹിത് നേടിയത്. ഒന്നാം വിക്കറ്റില്‍ കോലിയുമായി 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് ഉണ്ടാക്കിയത്.