ബട്‌ലര്‍ ഷോ; ഇന്ത്യ തരിപ്പണമാക്കി: ഉജ്ജ്വല ജയത്തോടെ ഇംഗ്ലണ്ട് വീണ്ടും മുന്നില്‍
ടോസ് ജയിക്കുന്നവര്‍ കളിയും ജയിക്കുന്ന പതിവ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ആവര്‍ത്തിക്കുകയാണ്. മൂന്നാം ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് കളിയും ജയിച്ച് പരമ്പരയില്‍ വീണ്ടും മുന്നിലെത്തി. ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ലോക ഒന്നാംനമ്പര്‍ ടീം കെട്ടുകെട്ടിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍ കടന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് ഇനി പരമ്പര പോക്കറ്റിലാക്കാം.
ബൗളിങില്‍ മൂന്നു വിക്കറ്റുമായി മാര്‍ക്ക് വുഡും ബാറ്റിങില്‍ ജോസ് ബട്‌ലറും (83*) ഹീറോസായപ്പോള്‍ മൂന്നാം ടി20യില്‍ ഇന്ത്യക്കു മറുപടിയില്ലായിരുന്നു. വിരാട് കോലിയുടെ (77*) വണ്‍മാന്‍ ഷോയുടെ മികവില്‍ ഇംഗ്ലണ്ടിനു മുന്നില്‍ 157 റണ്‍സിന്റെ വിജയലക്ഷ്യം വച്ചപ്പോള്‍ ഇന്ത്യക്കു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബൗളിങ് നിരയുടെ ഭാഗത്തു നിന്നു കാര്യമായ ഒരു സംഭാവനയും ലഭിക്കാതിരുന്നതോടെ ഇംഗ്ലണ്ട് അനായാസം ജയിച്ചുകയറി. 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ഇന്ത്യ ആറിന് 156, ഇംഗ്ലണ്ട് 18.2 ഓവറില്‍ രണ്ടിന് 158.
ബട്‌ലറിനെക്കൂടാതെ ജോണി ബെയര്‍സ്‌റ്റോയാണ് (40*) ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ജാസണ്‍ റോയ് (9), ഡേവിഡ് മലാന്‍ (18) എന്നിവരാണ് പുറത്തായത്. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍- ബെയര്‍സ്റ്റോ സഖ്യം ചേര്‍ന്നെടുത്ത 77 റണ്‍സാണ് ഇംഗ്ലണ്ട് ജയത്തിന് അടിത്തറയിട്ടത്. വെറും 52 ബോളുകളില്‍ നിന്നായിരുന്നു ഇത്. റോയിയെ ടീം സ്‌കോര്‍ 23ല്‍ വച്ച് പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബട്‌ലര്‍- മലാന്‍ ജോടി 58 റണ്‍സ് അടിച്ചെടുത്തു. മലാനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു ബട്‌ലര്‍ ഇന്ത്യക്കുമേല്‍ ‘അഴിഞ്ഞാടിയത്’. പേസ്, സ്പിന്‍ ഭേദമില്ലാതെ ബട്‌ലര്‍ എല്ലാവരെയും കണക്കറ്റ് പ്രഹരിച്ചു. 10 ഓവര്‍ കഴിഞ്ഞപ്പോഴേക്കും ഇംഗ്ലണ്ട് വിജയമുറപ്പാക്കിയിരുന്നു. എത്ര ഓവറുകള്‍ കൊണ്ട് മല്‍സരം അവസാനിക്കുമെന്നു മാത്രമായിരുന്നു പിന്നീട് അറിയാനുണ്ടായിരുന്നത്.
നേരത്തേ 46 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 77 റണ്‍സെടുത്ത കോലിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ 120 റണ്‍സ് പോലും ഇന്ത്യ നേടുമോയെന്ന കാര്യത്തില്‍ സംശയുണ്ടായിരുന്നു. എന്നാല്‍ കോലിയുടെ ഇന്നിങ്‌സ് ടീമിനെ 150 കടത്തുകയായിരുന്നു. റിഷഭ് പന്ത് (25), ഹാര്‍ദിക് പാണ്ഡ്യ (17), രോഹിത് ശര്‍മ (15) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.