ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്; അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയം
ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ പരമ്പരയും 3–2ന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയം ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍, ശര്‍ദുള്‍ താക്കുര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കും മുൻപ് തന്നെ ഓപ്പണർ ജേസൺ റോയിയെ നഷ്ടപ്പെട്ടു. ഇറങ്ങി വന്ന് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച റോയിയെ ഭൂവനേശ്വര്‍ ക്ലീന്‍ ബൗള്‍ടാക്കി. എന്നാല്‍ പിന്നീട് ഒത്തുചേർന്ന ഡേവിഡ് മലാനും ജോസ് ബട്ലറും ചേർന്ന് 9.2 ഓവറിൽ ഇംഗ്ലണ്ട് സ്കോർ 100 കടത്തി. 13ാം ഓവര്‍ എറിയാനെത്തിയ ഭൂവനേശ്വറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അടിച്ചുകൂട്ടിയത്. പിന്നീട് എത്തിയ ബ്രെയ്സ്റ്റേയോ ശര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. 14ാം ഓവറിന്റെ അവസാന പന്തില്‍ തന്നെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഡേവിഡ് മലാനെയും പുറത്താക്കി. 46 പന്തില്‍ 9 ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 68 റണ്‍സ് താരം നേടി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 224 റണ്‍സ് നേടി. പരമ്പരയില്‍ മൂന്നാമത്തെ അര്‍ധ സെഞ്ചുറി കുറിച്ച വിരാട് കോലിയുടെയും 64 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.