ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍; രോഹിതിനും കോലിക്കും അര്‍ധ സെഞ്ചുറി
ഇന്ത്യ‑ഇംഗ്ലണ്ട് ടി20 പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 224 റണ്‍സ് നേടി. ഇംഗ്ലണ്ടിനെതിരെ ടി20 യില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. രമ്പരയില്‍ മൂന്നാമത്തെ അര്‍ധ സെഞ്ചുറി കുറിച്ച വിരാട് കോലിയുടെയും 64 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കോലിയാണ് രോഹിതിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് ആറ് ഓവറില്‍ ഇന്ത്യയുടെ സ്കോര്‍ 60 കടത്തി. 94 റണ്‍സിന്റെ ഒന്നാം വിക്കറ്റിന്റ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് രോഹിത് മടങ്ങിയത്.ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ബൗള്‍ഡായാണ് രോഹിത് പുറത്തായത്. 34 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പടെ രോഹിത് ശര്‍മ്മ 64 റണ്‍സെടുത്തു. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് കഴിഞ്ഞ മത്സരത്തിന്റെ തുടര്‍ച്ചയെന്ന പോലെ ബാറ്റ് വീശി. 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 32 റണ്‍സ് നേടിയ താരം ജോര്‍ദന്റെ അസാധാരണമായ ഫീല്‍ഡിങ് മികവിലൂടെയാണ് പുറത്തായത്. ആദില്‍ റഷീദിന്റെ പന്ത് സിക്‌സടിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലെെനില്‍ ഓടിയെത്തി ഒറ്റ കെെയില്‍ പിടിച്ച് ജയസണ്‍ റോയിക്ക് കെെമാറുകയായിരുന്നു. ബാറ്റിങ്ങില്‍ സ്ഥാന കയറ്റം കിട്ടിയ ഹര്‍ദിക്ക് പാണ്ഢ്യയും കോലിക്ക് മികച്ച പിന്തുണ നല്‍കി. 19ാം ഓവറിന്റെ ആദ്യ രണ്ട് പന്തുകള്‍ സിക്‌സര്‍ പറത്തി പാണ്ഢ്യ ഇന്ത്യയുടെ സ്കോര്‍ 200 കടത്തി. ഹാര്‍ദിക് പാണ്ഢ്യ 17 പന്തില്‍ 39 റണ്‍സ് കുറിച്ചു. തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശീയ കോലി പിന്നീട് ഇംഗ്ലീഷ് ബൗളര്‍മാരെ ബൗണ്ടറി കടത്തുന്നതില്‍ യാതൊരു മയവും കാണിച്ചില്ല. 51 പന്തില്‍ 79 റണ്‍സ് കോലി നേടി. ആറ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിംഗ്സ്.
അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമുകളും ഇപ്പോള്‍ 2–2 തുല്യത പാലിക്കുകയാണ്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ഫോമിലില്ലാത്ത കെ എല്‍ രാഹുലിന് പകരം പേസ് ബൗളര്‍ ടി നടരാജനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തി. ഇതോടെ ഇന്ത്യന്‍ നിരയില്‍ അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരായി.