Tuesday, January 7, 2025
Sports

കോമൺവെൽത്ത് ഗെയിംസ്: ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് രണ്ട് ഇന്ത്യൻ താരങ്ങൾക്ക് വിലക്ക്

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട രണ്ട് താരങ്ങൾക്ക് വിലക്ക്. രക്തത്തിൽ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് സ്പ്രിൻ്റർ എസ് ധനലക്ഷ്മി, ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു എന്നിവരെ ഗെയിംസിൽ നിന്ന് വിലക്കിയത്. ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

24കാരിയായ ധനലക്ഷ്മിയുടെ രക്തത്തിൽ നിരോധിക്കപ്പെട്ട സ്റ്റെറോയിഡിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബനി നന്ദ എന്നിവർക്കൊപ്പം 4*100 മീറ്റർ റിലേയിലും 100 മീറ്റർ ഓട്ടത്തിലുമാണ് ഇവർ മത്സരിക്കേണ്ടിയിരുന്നത്. അത്‌ലറ്റിക്സ് ഇൻ്റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ ടെസ്റ്റ് നടത്തിയത്. നാഷണൽ ആൻ്റി ഡോപ്പിംഗ് ഏജൻസിയാണ് ഐശ്വര്യയുടെ ടെസ്റ്റ് ചെയ്തത്. ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലുമാണ് ഐശ്വര്യ മത്സരിക്കാനിരുന്നത്.

2022 കോമൺ‌വെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നരേന്ദ്ര മോദി താരങ്ങളെ പ്രോത്സാഹിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസ് ലോകത്തെ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരമാണ്. പരിശീലനത്തിലും പ്രകടനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഇത്. നിങ്ങൾ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. മൈതാനം മാറി, അന്തരീക്ഷം മാറി, പക്ഷേ നിങ്ങളുടെ മാനസികാവസ്ഥ മാറിയിട്ടില്ല, നിങ്ങളുടെ ആത്മാവ് മാറിയിട്ടില്ല… ത്രിവർണ്ണ പതാക ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടെ. കായിക ലോകത്ത് നിങ്ങൾക്ക് ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” – മോദി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *