ഇന്ത്യൻ താരങ്ങൾക്ക് കൊവിഡില്ല; ആർടിപിസിആർ ഫലം പുറത്തുവന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നു. ആരും രോഗബാധിതരല്ല. ടീമിലെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടീം അംഗങ്ങളെ ആർടിപിസിആർ പരിശോധനക്ക് വിധേയമാക്കിയത്. വെള്ളിയാഴ്ച അഞ്ചാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് പരിശോധന
ടീമിന്റെ ജൂനിയർ ഫിസിയോ യോഗേഷ് പാർമറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള പരിശീലന സെഷൻ ഇന്ത്യ ഉപേക്ഷിച്ചിരുന്നു. പിന്നാലെയാണ് താരങ്ങളെ പരിശോധനക്ക് വിധേയമാക്കിയത്. നേരത്തെ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിക്കും ബൗളിംഗ്, ബാറ്റിംഗ് പരിശീലകരായ ഭരത് അരുണിനും ആർ ശ്രീധറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് മൂന്നരയ്ക്കാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. സമനില വഴങ്ങിയാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം അഞ്ചാം ടെസ്റ്റിൽ ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താനാകും ഇംഗ്ലണ്ടിന്റെ ശ്രമം.