അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചാൽ ഇടപെടുമെന്ന് ഗവർണർ
നീറ്റ് പരീക്ഷ എഴുതാൻ അടിവസത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിഷയത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും ഇടപെടും. പെൺകുട്ടികളുടെ അന്തസ്സ് ഹനിക്കുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ അപമാനിതയായ പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംഭവം വിവാദമായതോടെ നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തി. വിദ്യാർത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ എന്‍.ടി.എ നിയോഗിച്ചിട്ടുണ്ട്. 4 ആഴ്ചയ്ക്കകം സമതി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.