ഐപിഎൽ പൂരത്തിന് കൊടിയേറി; ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിന് അയച്ചു
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണ് യുഎഇയിൽ തുടക്കമായി. അബുദാബിയിലെ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം എസ് ധോണി ആദ്യം ഫീൽഡ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു
ഒരു വർഷത്തിന് ശേഷം ധോണിയെ ക്രിക്കറ്റ് മൈതാനത്ത് കാണാനായതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട് പുറത്തുപോയതിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു
ചെന്നൈയും മുംബൈയും തമ്മിൽ ഐപിഎല്ലിൽ ഇതുവരെ 28 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 17 തവണയും ജയം മുംബൈക്കൊപ്പമാണ്. കഴിഞ്ഞ വർഷം ഫൈനലിൽ ചെന്നൈയെ പരാജയപ്പെടുത്തിയാണ് മുംബൈ ജേതാക്കളായത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഐപിഎൽ 13ാം സീസൺ യുഎഇയിലേക്ക് മാറ്റിയത്.