റെയ്‌ന മടങ്ങി, സ്റ്റാർ ബൗളർക്ക് കൊവിഡ്; ചെന്നൈ സൂപ്പർ കിംഗ്‌സ് കടുത്ത ആശങ്കയിൽ
ഐപിഎൽ 13ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും ആശങ്കയിൽ നിൽക്കുന്നത് ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സാണ്. ടീമിലെ ഒരാൾക്കും ചില സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് ബൗളറായ ദീപക് ചാഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ
സംഘാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സൂപ്പർ കിംഗ്‌സിന്റെ ക്വാറന്റൈൻ സെപ്റ്റംബർ ഒന്ന് വരെ നീട്ടി. തുടർച്ചയായ പരിശോധനകളിൽ ഫലം നെഗറ്റീവാണെന്ന് ഉറപ്പിച്ചാൽ മാത്രമേ ദീപകിന് കളത്തിലിറങ്ങാനാകൂ.
ഇതിനിടെ ഇരട്ടിപ്രഹരമായി സൂപ്പർ താരം സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ കളിക്കാനില്ലെന്ന് അറിയിച്ചാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് മടക്കം.
സെപ്റ്റംബർ 19നാണ് ഐപിഎൽ ആരംഭിക്കുന്നത്. 53 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന് ഷാർജ, ദുബൈ, അബൂദാബി എന്നിവിടങ്ങളിലാണ് വേദി. നവംബർ 10നാണ് ഫൈനൽ മത്സരം