അവിനാഷ് സാബ്‌ലെ 11ആമത്
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ 11ആമത് ഫിനിഷ് ചെയ്തു. 8 മിനിട്ട് 31.75 സെക്കൻഡിലാണ് അവിനാഷ് ഫിനിഷ് ലൈൻ കടന്നത്. 8 മിനിട്ട് 25.13 സെക്കൻഡിൽ ഫിനിഷ് ചെയ്ത മൊറോക്കൻ താരം സൂഫിയാൻ എൽ ബക്കാലി സ്വർണം നേടിയപ്പോൾ എത്യോപ്യയുടെ ലായേച്ച ഗിർമിയ വെള്ളി മെഡൽ നേടി. കെനിയയുടെ കൺസേലസ് കിപ്രുറ്റോയ്ക്കാണ് വെങ്കലം.
ഇത് തുടർച്ചയായ രണ്ടാം തവണയാണ് അവിനാഷ് 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഫൈനലിലെത്തുന്നത്. 2019ൽ ദോഹയിൽ വച്ച് നടന്ന ലോക ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലും താരം കളിച്ചിരുന്നു. ദോഹയിൽ 13ആം സ്ഥാനത്താണ് അവിനാഷ് ഫിനിഷ് ചെയ്തത്. ഹീറ്റ്സിൽ 8 മിനിട്ട് 18.75 സെക്കൻഡിൻ്റെ മികച്ച സമയം കുറിച്ച അവിനാഷ് മൂന്നാമത് ഫിനിഷ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ലോങ് ജമ്പിൽ മത്സരിച്ച മലയാളി താരം മുരളി ശ്രീശങ്കർ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 7.96 മീറ്ററാണ് ശ്രീശങ്കറിൻ്റെ മികച്ച ദൂരം. ശ്രീശങ്കറിൻ്റെ ആദ്യ ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളായി. 8.36 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം ജിയാനൻ വാങ് ആണ് ഈയിനത്തിൽ സ്വർണം നേടിയത്. ഗ്രീക്ക് താരം മിൽറ്റിയാഡിസ് ടെൻ്റോഗ്ലോ (8.32 മീറ്റർ), സിസ് താരം സൈമൺ എഹാമ്മെർ (8.16 മീറ്റർ) എന്നിവർ യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ നേടി.