Thursday, April 10, 2025
Kerala

ജി.എസ്.ടി നടപടി അടിയന്തരമായി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

നിത്യോപയോഗ വസ്തുക്കൾക്കുപോലും ജി.എസ്.ടി ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്ക് കടകളിലും മറ്റും ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്ന വസ്തുക്കൾക്കാണ് ജി എസ് ടി മാനദണ്ഡം മാറ്റിയതിലൂടെ വില വർധിക്കുന്നത്.

നിത്യോപയോഗ വസ്തുക്കൾക്ക് വില വർദ്ധിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജി.എസ്. ടി യോഗങ്ങളിൽ വ്യക്തമാക്കിയതാണ്. കടയിലെ തിരക്കുകുറയ്ക്കുന്നതിനും എളുപ്പത്തിൽ സാധനങ്ങൾ നൽകുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുൾപ്പെട്ട അവശ്യവസ്തുക്കൾ പാക്കറ്റുകളിലാക്കി വയ്ക്കുന്നത് കേരളത്തിലെ ചെറു കടകളിൽ പോലുമുള്ള രീതിയാണ്.

അതെല്ലാം ജി.എസ്.ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതിൽ സംശയമില്ല. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിക്കാൻ എത്രയും വേഗം ഇടപെടണമെന്ന് കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതേസമയം മുൻകൂട്ടി പാക്ക് ചെയ്തു വരുന്ന കാർഷിക ഉത്പന്നങ്ങൾക്കായിരിക്കും നികുതിയെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ചില്ലറയായി തൂക്കി വാങ്ങുമ്പോൾ ജിഎസ്ടി നൽകേണ്ടാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പട്ടിക നിർമല സീതാരാമൻ ട്വിറ്ററിൽ പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *