ഹോം ഗ്രൗണ്ടിൽ രാജസ്ഥാന് ഇന്ന് ആദ്യ കളി; എതിരാളികൾ ലക്നൗ
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. രാജസ്ഥാൻ റോയൽസിൻ്റെ തട്ടകമായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തിരികെയെത്തുന്നത്.
എല്ലായ്പ്പോഴും തുടരുന്ന റിയൻ പരഗിൻ്റെ മോശം ഫോം മാറ്റിനിർത്തിയാൽ രാജസ്ഥാൻ റോയൽസ് കരുത്തരാണ്. യശസ്വി ജയ്സ്വാളിൽ തുടങ്ങി അശ്വിൻ വരെ നീളുന്ന ബാറ്റിംഗ് ഡെപ്ത്, കൃത്യമായ റോൾ ഡിസ്ട്രിബ്യൂഷൻ, മൂന്ന് ലോകോത്തര സ്പിന്നർമാർ, വളരെ മികച്ച പേസ് ഡിപ്പാർട്ട്മെൻ്റ്. അവിടവിടെയായി പോളിഷിംഗ് മാത്രം മാറ്റിനിർത്തിയാൽ രാജസ്ഥാൻ റോയൽസ് വളരെ ബാലൻസ്ഡ് ആയ ഒരു ടീമാണ്. ഷിംറോൺ ഹെട്മെയർ, യുസ്‌വേന്ദ്ര ചഹാൽ, ആർ അശ്വിൻ എന്നിവർക്ക് നൽകുന്ന റോളുകൾ രാജസ്ഥാൻ്റെ പ്രകടനങ്ങളിൽ വളരെ നിർണായകമാവുന്നുണ്ട്. പരഗിനെ മാറ്റി ആകാശ് വസിഷ്ഠിനെയോ അബ്ദുൽ ബാസിത്തിനെയോ പരീക്ഷിച്ചേക്കും. സ്പിന്നർമാർക്ക് അസിസ്റ്റ് ലഭിക്കുന്ന പിച്ച് ആയതിനാൽ ആദം സാമ്പ തുടരും. സാമ്പയെ മാറ്റി പരീക്ഷിക്കാൻ തീരുമാനിച്ചാൽ പകരം മുരുഗൻ അശ്വിനോ ജേസൻ ഹോൾഡറോ കളിച്ചേക്കും.
മറുവശത്ത് ലക്നൗവും കരുത്തുറ്റ ടീമാണ്. ദീപക് ഹൂഡയുടെ മോശം ഫോമാണ് ആശങ്ക. ക്വിൻ്റൺ ഡികോക്കിനെപ്പോലെ ഒരു താരത്തെ പുറത്തിരുത്താൻ മാത്രം റിസോഴ്സസ് ലക്നൗവിനുണ്ട്. കെഎൽ രാഹുൽ ഫോമിലേക്കുയർന്നത് ശുഭസൂചനയാണ്. ആവേശ് ഖാൻ, യുദ്ധ്വീർ സിംഗ്, മാർക്ക് വുഡ്, രവി ബിഷ്ണോയ് എന്നിവർക്കൊപ്പം അമിത് മിശ്ര കൂടി വന്നാൽ ലക്നൗ ഇൻ്റിമിഡേറ്റിംഗ് ആയ ഒരു ബൗളിംഗ് യൂണിറ്റായി മാറും. ടീമിൽ മാറ്റമുണ്ടായേക്കില്ല.