ഇന്ത്യക്ക് ഇന്ന് ആദ്യ സന്നാഹമത്സരം; എതിരാളികൾ ഓസ്ട്രേലിയ
ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഇന്ന്. ആതിഥേയരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടുക. ഇന്ത്യൻ സമയം രാവിലെ 9.30ന് ബ്രിസ്ബണിലെ ഗാബയിലാണ് മത്സരം. ബ്രിസ്ബണിൽ മഴ ഭീഷണി ഉള്ളതിനാൽ കളി നടക്കുമോ എന്നതിൽ വ്യക്തതയില്ല. വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് പ്രാക്ടീസ് മത്സരങ്ങളിൽ ഇന്ത്യ ഒരെണ്ണം ജയിക്കുകയും മറ്റൊന്നിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
ഋഷഭ് പന്തോ ദിനേശ് കാർത്തികോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇന്ത്യ സന്നാഹമത്സരങ്ങളിൽ തേടുന്നത്. സമീപകാലത്തായി ടി-20കളിൽ വളരെ മോശം ഫോമിലുള്ള പന്ത് ഒരു ഇടങ്കയ്യൻ എന്നതിനാലാണ് ടീമിൽ തുടരുന്നത്. എന്നാൽ, പ്രകടനങ്ങൾ വരാത്തപക്ഷം പന്തിനെ ഒഴിവാക്കി കാർത്തികിനെ തന്നെ ടീമിൽ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്താനാണ് സാധ്യത. സന്നാഹമത്സരങ്ങളിലും പന്ത് നന്നായി കളിച്ചില്ലെങ്കിൽ കാർത്തിക് സ്ഥാനം ഉറപ്പിക്കും.
വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ കളിക്കാതിരുന്ന വിരാട് കോലി ഇന്നിറങ്ങും. പ്രാക്ടീസ് മത്സരങ്ങളിൽ ഓപ്പൺ ചെയ്ത ഋഷഭ് പന്ത് ഇന്ന് അഞ്ചാം നമ്പറിലാവും ഇറങ്ങുക. രോഹിത്, രാഹുൽ, കോലി, സൂര്യ എന്നിങ്ങനെ ഇന്ത്യയുടെ സ്ഥിരം ബാറ്റിംഗ് പൊസിഷൻ മാറാനിടയില്ല. മുഹമ്മദ് ഷമി പന്തെറിഞ്ഞേക്കും.