വിജയ് ഹസാരെ: ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം
വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പൊന്നം രാഹുൽ (92 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോററായി.
ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. അശുതോഷ് സിംഗ് (40), അജയ് മണ്ഡൽ (30) എന്നിവരാണ് ഛത്തീസ്ഗഡിൻ്റെ ടോപ്പ് സ്കോറർമാർ. കേരളത്തിനായി അഖിൽ സ്കറിയ നാലും എൻപി ബേസിൽ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ പതിവുപോലെ രോഹൻ കുന്നുമ്മൽ പോസിറ്റീവായി തുടങ്ങി. എന്നാൽ, 22 റൺസെടുത്ത് താരം മടങ്ങിയതോടെ മൂന്നാം നമ്പറിൽ വത്സൽ ഗോവിന്ദ് എത്തി. 96 റൺസാണ് രണ്ടാം വിക്കറ്റിൽ രോഹനും വത്സലും ചേർന്ന് കൂട്ടിച്ചേർത്തത്. 35 റൺസ് നേടി വത്സൽ ഗോവിന്ദും (35) മടങ്ങിയതോടെ ക്രീസിലെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി (21 നോട്ടൗട്ട്) പൊന്നം രാഹുലുമായി ചേർന്ന് കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു. അപരാജിതമായ 47 റൺസ് ആണ് ഈ സഖ്യം കൂട്ടിച്ചേർത്തത്.