Saturday, April 12, 2025
Kerala

മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ കേസ്: പ്രതി സൈക്കോ സിദ്ധിഖിനെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ കേസിൽ പ്രതി സൈക്കോ സിദ്ധിഖ് എന്നറിയപ്പെടുന്ന അബൂബക്കർ സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻപും മദ്രസ വിദ്യാർത്ഥികളെ ഇയാൾ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് ആക്രമണത്തിന് ഇരയായത് ഒൻപത് വയസുള്ള പെൺകുട്ടിയാണ്. മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയാണ് കേസിൽ പ്രതിയായ അബൂബക്കർ സിദ്ധിഖ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിനി. സിദ്ധിഖ് പെൺകുട്ടിയുടെ അടുത്തേക്ക് സാവധാനം നടന്ന് വന്ന ശേഷം പെൺകുട്ടിയെ എടുത്തുയർത്തി എറിയുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ അയൽവാസിയാണെന്നും പറയപ്പെടുന്നു. പെൺകുട്ടിയുടെ സഹപാഠികളായ കുട്ടികൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. ചൈൽഡ് ലൈനിനും പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

ആക്രമണത്തെ തുടർന്ന് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ സൈക്കോ സിദ്ധിഖ് യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധു റാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുമെന്നും റാഫി വ്യക്തമാക്കിയതാണ്.

സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി രാവിലെ പറഞ്ഞിരുന്നു. വിദ്യാർഥിനിയെ എടുത്തെറിഞ്ഞ സംഭവത്തിൽ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഏത് സാഹചര്യത്തിലാണ് ഇതുണ്ടായതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *