പ്രീസീസൺ പര്യടനത്തിനായി തകർപ്പൻ ടീം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്; 26 അംഗ സ്ക്വാഡിൽ പുതിയ സൈനിങും
വിദേശ പ്രീസീസൺ പര്യടനത്തെപ്പറ്റി അനിശ്ചിതത്വങ്ങൾ നിലനിൽക്കെ ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ സ്ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഫിഫ എഐഎഫ്എഫിനു വിലക്കേർപ്പെടുത്തിയതിനാൽ ബ്ലാസ്റ്റേഴ്സിൻ്റെ വിദേശ പര്യടനം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചതിനാൽ ഈ അനിശ്ചിതത്വം നീങ്ങുമെന്നാണ് കരുതപ്പെടുന്നത്.
അഞ്ച് വിദേശികളക്കം തകർപ്പൻ ടീമാണ് യുഎഇയിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, യുറുഗ്വെ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവർക്കൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ മോംഗിൽ, യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കാലിയൂഷ്നി, ഓസ്ട്രേലിയൻ സ്ട്രൈക്കർ അപ്പോസ്തോലോസ് ജിയാന്നു എന്നിവരും സ്ക്വാഡിലുണ്ട്. ഇന്ന് പ്രഖ്യാപിച്ച പുതിയ സൈനിങ് ബിദ്യാഷാഗർ സിങും സ്ക്വാഡിലുണ്ട്. ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നീ പുതിയ ഇന്ത്യൻ സൈനിങുകളും പ്രീസീസൺ കളിക്കും. എംഎസ് ശ്രീക്കുട്ടൻ, നിഹാൽ സുധീഷ് തുടങ്ങിയ മലയാളി താരങ്ങളും സക്വാഡിൽ ഇടംപിടിച്ചു.
ആഭ്യന്തര താരങ്ങളിലെ ഗോൾ വേട്ടക്കാരനെന്നറിയപ്പെടുന്ന താരമാണ് ഏറ്റവും പുതിയ സൈനിങായ ബിദ്യാഷാഗർ സിംഗ്. 2020-21 ഐ-ലീഗ് സീസണിൽ ട്രാവു എഫ്സിക്കായി കളിച്ച ബിദ്യ സീസണിലെ ഗോൾഡൻ ബൂട്ട് നേടിയിരുന്നു. സീസണിൽ രണ്ട് ഹാട്രിക്കും ബിദ്യ നേടി. ഈ പ്രകടനം ബിദ്യയെ ബെംഗളൂരു എഫ്സിയുടെ റഡാറിലെത്തിച്ചു. എന്നാൽ, ബെംഗളൂരുവിനായി 11 മത്സരങ്ങൾ കളിച്ച ബിദ്യക്ക് മൂന്ന് ഗോളുകളേ നേടാനായുള്ളൂ. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് വിദ്യയെ വായ്പാടിസ്ഥാനത്തിൽ സ്വന്തമാക്കുന്നത്. ഈ സീസൺ അവസാനം വരെ 24 കാരനായ മണിപ്പൂർ സ്വദേശി ബ്ലാസ്റ്റേഴ്സിനൊപ്പം തുടരും.