ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ ആറു വയസുള്ള കുഞ്ഞ് മരിച്ചു
തന്റെ മകളുടെ മരണ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. ആറു വയസുള്ള മകൾ ജുലിറ്റയുടെ മരണ വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തെ തുടർന്ന് ഏപ്രിൽ ഒമ്പതിനായിരുന്നു ജുലിറ്റയുടെ മരണം.
ദുഃഖത്തിൽ നിന്ന് കുടുംബം മോചിതരാകാതിരുന്നതാണ് മരണ വാർത്ത പുറംലോകം അറിയാൻ വൈകിയത്. താനും തന്റെ കുടുംബവും വലിയ വേദനയിൽ ആണെന്നും തന്റെ മകളുടെ ഓർമ്മകൾ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകൾ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചു എന്നും ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതിൽ പ്രധാന പാഠം എന്നും ലൂണ പറഞ്ഞു. അവസാന ശ്വാസം വരെ അവൾ പോരാടി. അത് താൻ ഒരിക്കലും മറക്കില്ലെന്നും ലൂണ കുറിച്ചു.
കഴിഞ്ഞ സീസണിൽ ഐഎസ്‌എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് എത്തുന്നതിൽ 30 കാരനായ ലൂണ വലിയ പങ്കുവഹിച്ചു. എന്നാൽ ഹൈദ്രാബാദ് എഫ്സിയോട് പെനാൽറ്റിയിൽ തോറ്റിരുന്നു. ഇത് മൂന്നാം തവണയാണ് ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തോൽക്കുന്നത്.