Saturday, October 19, 2024
Sports

ഇന്ന് രണ്ട് മൽസരങ്ങൾ; ബ്രസീല്‍-പെറു പോരാട്ടം കടുക്കും: കൊളംബിയ വെനസ്വേലയ്‌ക്കെതിരേ

കോപ്പാ അമേരിക്കയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ബ്രസീലും പെറുവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ രാവിലെ 5.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ വെനസ്വേലയേയും നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ആദ്യ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ പെറുവിനെതിരേ ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഇത്തവണയും മികച്ച ഫോമിലാണ്. ഒപ്പം മികച്ച താരനിരയും ബ്രസീലിനുണ്ട്. തുടര്‍ച്ചയായ എട്ടാം ജയമാണ് ബ്രസീല്‍ ലക്ഷ്യം വെക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നതിനാല്‍ വമ്പന്‍ ജയം തന്നെയാണ് ബ്രസീല്‍ ലക്ഷ്യം വെക്കുന്നത്.

2014ലെ ലോകകപ്പിന് ശേഷം ഇതുവരെ ബ്രസീലിനെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കുമായിട്ടില്ല. നെയ്മര്‍,ഫിര്‍മിനോ,ജീസസ്,ഫ്രഡ്,കാസമിറോ,എവര്‍ട്ടന്‍,ജൂനിയര്‍ വിനീഷ്യസ്,തിയാഗോ സില്‍വ എന്നിവരെല്ലാം മികച്ച ഫോമില്‍ ബ്രസീലിനൊപ്പമുണ്ട്. മികച്ച ബെഞ്ച് കരുത്തുള്ള നിരയാണ് ബ്രസീല്‍. ഇത്തവണയും സജീവ കിരീട പ്രതീക്ഷ ടീമിനുണ്ട്.

അതേ സമയം ആദ്യം മത്സരം കളിക്കുന്ന പെറു വിജയത്തോടെ തുടങ്ങാമെന്ന മോഹത്തിലാവും കളത്തിലിറങ്ങുക. ഫിഫ റാങ്കിങ്ങിലെ 27ാം റാങ്കുകാരായ പെറു അവസാന ഒമ്പത് മത്സരത്തില്‍ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ആറ് മത്സരങ്ങള്‍ തോറ്റപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയിലായി. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ പെറുവിന് വലിയ പ്രതീക്ഷകളില്ല. സ്‌ട്രൈക്കര്‍ ജിയാന്‍ലൂക്ക ലാപ്പഡൂലയിലാണ് പെറുവിന്റെ പ്രതീക്ഷകള്‍.അവസാനമായി 2020ലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. മത്സരത്തില്‍ 4-2ന് ബ്രസീല്‍ ജയിച്ചിരുന്നു. 2019ല്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോല്‍പ്പിക്കാന്‍ പെറുവിന് സാധിച്ചിരുന്നു.

അതേ സമയം ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ 1-0ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലിറങ്ങുന്ന കൊളംബിയക്ക് വെനസ്വേല കടുത്ത വെല്ലുവിളി ഉയര്‍ത്തും. ആദ്യ മത്സരത്തില്‍ കൊളംബിയ കളിപ്പിക്കാതിരുന്ന ഹാമിഷ് റോഡ്രിഗസിനെ രണ്ടാം മത്സരത്തിലെങ്കിലും പരിഗണിക്കുമോയെന്നത് കണ്ടറിയണം. ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ അവസാന മത്സരത്തില്‍ 3-0ന് വെനസ്വേലയെ തോല്‍പ്പിക്കാന്‍ കൊളംബിയക്ക് സാധിച്ചിരുന്നു. റിയിനാല്‍ഡോ റൂയീഡ എന്ന പരിശീലകന് കീഴില്‍ കൊളംബിയ മൂന്ന് മത്സരത്തിലും ടീം തോല്‍വി അറിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. 2019ന് ശേഷം തുടര്‍ച്ചയായി തോല്‍വി അറിയാതെ നാല് മത്സരം കളിക്കാന്‍ കൊളംബിയക്കായിട്ടില്ല.

Leave a Reply

Your email address will not be published.