തീ പാറും പോരാട്ടം; അര്‍ജന്റീന ചിലിക്കെതിരേ: മെസ്സിയില്‍ പ്രതീക്ഷവെച്ച് ആരാധകര്‍
കോപ്പാ അമേരിക്കയില്‍ നാളെ തീപാറും. ബ്രസീലിന്റെ തട്ടകത്തില്‍ അര്‍ജന്റീനയുടെ ആദ്യ എതിരാളി കരുത്തരായ ചിലിയാണ്. നാളെ രാവിലെ (15-6-2021) 2.30നാണ് മത്സരം. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം. അര്‍ജന്റീനയ്ക്കും ലയണല്‍ മെസ്സിക്കും അഭിമാന പോരാട്ടമാണിത്. ബ്രസീലില്‍ കോപ്പാ അമേരിക്ക നേടി ആരാധകര്‍ക്ക് ആഹ്ലാദിക്കാനുള്ള വക നല്‍കാനുറച്ച് മെസ്സിയും സംഘവും ഇറങ്ങുമ്പോള്‍ അവരെ നിരാശപ്പെടുത്താന്‍ കെല്‍പ്പുള്ള നിരയാണ് ചിലിയുടേത്.
അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് സാഹചര്യങ്ങളെത്തുടര്‍ന്ന് ബ്രസീലിലേക്ക് മാറ്റിയത്. ഇതുവരെ 14 കോപ്പാ അമേരിക്ക ഫൈനലില്‍ തോറ്റ അര്‍ജന്റീനക്ക് ഇത്തവണ എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം. 2019ലെ കോപ്പാ അമേരിക്ക സെമിയില്‍ പുറത്തായ ശേഷം ഒരു മത്സരത്തില്‍ പോലും ടീം തോല്‍വി അറിഞ്ഞിട്ടില്ല. ഏഴ് മത്സരം ജയിച്ചപ്പോള്‍ ആറ് മത്സരം സമനിലയിലാക്കി. അവസാന നാല് മത്സരത്തില്‍ മൂന്ന് സമനിലയാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്. അവസാന രണ്ട് മത്സരത്തിലും ആദ്യം ലീഡെടുത്ത ശേഷം ടീം മത്സരം കൈവിട്ട് കളയുകയായിരുന്നു.
ഇത്തവണ മികച്ച താരനിരതന്നെയാണ് അര്‍ജന്റീനയ്‌ക്കൊപ്പമുള്ളത്. ലയണല്‍ മെസ്സി, ലൗട്ടാറോ മാര്‍ട്ടിനസ്, സെര്‍ജിയോ അഗ്യൂറോ, ഏഞ്ചല്‍ ഡി മരിയ, ഏഞ്ചല്‍ കോറിയ തുടങ്ങിയ പ്രമുഖരെല്ലാം ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. കോപ്പയില്‍ ജയത്തോടെ തുടങ്ങാനുള്ള എല്ലാ താരസമ്പത്തും അര്‍ജന്റീനയ്‌ക്കൊപ്പമുണ്ട്. 14 തവണ കോപ്പാ അമേരിക്കയില്‍ മുത്തമിട്ടിട്ടുള്ള അര്‍ജന്റീന ഇത്തവണ കിരീടം നേടിയാല്‍ കൂടുതല്‍ കോപ്പാ അമേരിക്ക കിരീടമെന്ന റെക്കോഡില്‍ ഉറുഗ്വേയ്‌ക്കൊപ്പമെത്താം. എന്നാല്‍ 1993ന് ശേഷം ഒരു തവണ പോലും കോപ്പാ കിരീടം സ്വന്തമാക്കാന്‍ അര്‍ജന്റീനയ്ക്കായിട്ടില്ല.
ചിലിക്കൊപ്പം അലക്‌സീസ് സാഞ്ചസ്, ക്ലൗഡിയോ ബ്രാവോ, ആര്‍ടുറോ വിദാല്‍ തുടങ്ങിയവരെല്ലാമുണ്ട്. അവസാനമായി ടീം നേര്‍ക്കുനേര്‍ എത്തിയ അഞ്ച് തവണയില്‍ രണ്ട് തവണ അര്‍ജന്റീന ജയിച്ചപ്പോള്‍ മൂന്ന് മത്സരം സമനിലയില്‍ കലാശിച്ചു. 2015,2016ലും കോപ്പാ അമേരിക്ക കിരീടം അലമാരയിലെത്തിച്ച ചിലി മൂന്നാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
രാവിലെ 5.30ന് നടക്കുന്ന മത്സരത്തില്‍ പരാഗ്വെ ബൊളീവിയയെ നേരിടും. രണ്ട് തവണ കോപ്പാ അമേരിക്ക നേരിയ ടീമാണ് പരാഗ്വെ. 1979ലാണ് അവര്‍ അവസാനമായി കിരീടം നേടിയത്. ഒരു തവണ ബൊളീവിയയും കിരീടം നേടിയിട്ടുണ്ട്. എന്നാല്‍ അന്നത്തെ താരമികവ് ഇന്നത്തെ ടീമിലില്ല. ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ അവസാന അഞ്ച് മത്സരത്തില്‍ ഇരു ടീമും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചപ്പോള്‍ അവസാന മത്സരം 2-2 സമനിലയിലും പിരിഞ്ഞു.