അഫ്ഗാനുമായി സമനില സമ്മതിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് ക്വാളിഫയറിനു യോഗ്യത
ദോഹ: 2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഇന്ത്യക്കു സമനില. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അഫ്ഗാനിസ്താനുമായി ഇന്ത്യ 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമായിരുന്നു സമനില വഴങ്ങി ഇന്ത്യക്കു പോയിന്റ് പങ്കുവയ്‌ക്കേണ്ടി വന്നത്.
75ാം മിനിറ്റില്‍ അഫ്ഗാന്‍ ഗോളി ഒവെയ്‌സ് അസീസി വഴങ്ങിയ സെല്‍ഫ് ഗോളാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ഒവെയ്‌സിന്റെ ശ്രമം സെല്‍ഫ് ഗോശില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യയുടെ ലീഡിന് അഞ്ചു മിനിറ്റിന്റെ ആയുസ് മാത്രമേയുണ്ടായുള്ളൂ. പകരക്കാരനായി ഇറങ്ങിയ ഹുസൈന്‍ സമാനി 82ാം മിനിറ്റില്‍ നേടിയ ഗോളില്‍ അഫ്ഗാന്‍ സമനില കൈക്കലാക്കി. അഫ്ഗാനായുമായുള്ള സമനിലയോടെ ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ഇന്ത്യയുടെ മറ്റൊരു ലോകകപ്പ് പ്രതീക്ഷ നേരത്തേ തന്നെ അസ്തമിച്ചിരുന്നു. എന്നാല്‍ ഏഷ്യാ കപ്പ് ക്വാളിഫയറിന്റെ മൂന്നാംറൗണ്ടിലേക്കു ഇന്ത്യ യോഗ്യത നേടിയിട്ടുണ്ട്.
അഫ്ഗാനെതിരേ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. ആദ്യപകുതിയില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിച്ചത് ഇന്ത്യക്കായിരുന്നു. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസായിരുന്നു ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്കു ചരടു വലിച്ചത്. ഓപ്പണ്‍ പ്ലേയിലൂടെയും കോര്‍ണറുകളിലൂടെയും ബ്രെന്‍ഡന്‍ വലയ്ക്കുള്ളില്‍ ബോള്‍ എത്തിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാന്‍ ആര്‍ക്കുമായില്ല. 41ാം മിനിറ്റിലായിരുന്നു അഫ്ഗാന്റെ ഭാഗത്തു നിന്നും ആദ്യത്തെ ഗോള്‍നീക്കം കണ്ടത്. എന്നാല്‍ ഷരീഫിയുടെ ഷോട്ട് ഗോളി ഗുര്‍പ്രീത് രക്ഷപ്പെടുത്തി.