കോവിഡ് വ്യാപനം; ഐപിഎല്ലിന് പിന്നാലെ ശ്രീലങ്കയിൽ നടത്താനിരുന്ന ഏഷ്യാ കപ്പും റദ്ദാക്കി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കാനിരുന്ന ഏഷ്യാ കപ്പ് റദ്ദാക്കി. ശ്രീലങ്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സില്‍വയാണ് ഇക്കാര്യം അറിയിച്ചത്.
ഏഷ്യാ കപ്പ് കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം അന്ന് മാറ്റിവെച്ചു. ഇപ്പോള്‍ വീണ്ടും കോവിഡ് വ്യാപനം കാരണം ടൂര്‍ണമെന്റ് മാറ്റിവെക്കേണ്ടി വന്നതോടെ ഇനി 2023ലെ ഏകദിന ലോകകപ്പിന് ശേഷമേ ഏഷ്യാ കപ്പ് നടത്താന്‍ സാധ്യതയുള്ളൂ. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ടൂര്‍ണമെന്റുകളെക്കുറിച്ച് ഓരോ ടീമുകളും ഏകദേശ ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്.
ശ്രീലങ്കയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനവും ഒഴിവാക്കാനാണ് സാധ്യത. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏഷ്യാകപ്പ് മാറ്റിവെച്ച സാഹചര്യത്തില്‍ പരമ്പരയും റദ്ദാക്കിയേക്കും. ഇന്ത്യയില്‍ നടത്തിയ ഐപിഎല്ലും പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.