Saturday, October 19, 2024
Sports

വെങ്കി സെഞ്ച്വറി വിഫലം; വിജയം അടിച്ചെടുത്ത് മുംബൈ; അഞ്ച് വിക്കറ്റ് വിജയം

ഐപിഎല്‍ 2023ലെ രണ്ടാം സെഞ്ച്വറി പിറന്ന ആവേശ മത്സരത്തില്‍ മുംബൈയ്ക്ക് വിജയം. ഒറ്റയാള്‍ പോരാളിയായി കൊല്‍ക്കത്തയില്‍ നിറഞ്ഞാടി സെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യരുടെ സെഞ്ച്വറിയ്ക്കും മുംബൈ വിജയം തടയാനായില്ല. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 51 പന്തില്‍ 104 റണ്‍സ് നേടിയ അയ്യരുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് അടിച്ചെടുത്തു.

മറുപടി ബാറ്റിംഗില്‍ 17.4 ഓവറേ മുംബൈയ്ക്ക് വിജയം സ്വന്തമാക്കാന്‍ വേണ്ടി വന്നുള്ളൂ. രോഹിത് ശര്‍മ്മയ്ക്ക് പകരം ക്യാപ്റ്റനായി വന്ന സൂര്യകുമാര്‍ യാദവ് ഫോമില്ലാക്കാലത്തെ മറികടന്ന് നേടിയ 25 പന്തിലെ 43 റണ്‍സും ഓപ്പണിംഗില്‍ വെടിക്കെട്ട് പ്രകടനം നടത്തി 25 പന്തില്‍ 58 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ ബാറ്റിംഗുമാണ് മുംബൈയ്ക്ക് കരുത്തായത്.

കൊല്‍ക്കത്ത ഏഴ് ബൗളറുമാരെ പരീക്ഷിച്ചെങ്കിലും വിജയം അത് മുംബൈയ്‌ക്കൊപ്പം നിന്നു. നേരത്തേ വെങ്കിടേഷ് അയ്യര്‍ക്ക് മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ ബാറ്റിംഗില്‍ കാര്യമായി തിളങ്ങാനായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 11 പന്തില്‍ 21 റണ്‍സ് നേടിയ റസല്‍ ബാറ്റിംഗ് കൊല്‍ക്കത്തയെ 185ല്‍ എത്തിച്ചു.

മുംബൈ നിരയില്‍ ഇംപാക്ട് താരമായി രോഹിത് ശര്‍മയാണ് എത്തിയത്. കാത്തിരുന്ന് കാത്തിരുന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് മുംബൈയുടെ ആദ്യ 11ല്‍ ഇടം പിടിച്ചു. രണ്ട് ഓവറെറിഞ്ഞ അര്‍ജുന്‍ 17 റണ്‍സ് വഴങ്ങി വിക്കറ്റ് ഒന്നും നേടാനായില്ല. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ എട്ടാമതും കൊല്‍ക്കത്ത അഞ്ചാമതുമായി.

Leave a Reply

Your email address will not be published.