Monday, January 6, 2025
Kerala

വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി

കേരളത്തിനു ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 5.10ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം സെൻട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചായിരുന്നു ട്രയൽ റൺ. കണ്ണൂർ വരെയാണ് ട്രയൽ റൺ.

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫിനെ കുറിച്ചും,സമയക്രമം സംബന്ധിച്ചും തൊട്ടടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ദക്ഷിണ റെയില്‍വേ ബോര്‍ഡിന് കൈമാറിയ ടൈംടേബിളുകളില്‍ അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിച്ചേക്കും.

ആദ്യ ഘട്ടത്തില്‍ കോഴിക്കോട് വരെ സര്‍വീസ് നടത്തി തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതാണ് പരിഗണിക്കുന്നത്. ട്രെയിനിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. ട്രെയിനു അതിവേഗത കൈവരിക്കാന്‍ ട്രാക്ക് ബലപ്പെടുത്തലും വളവ് നികത്തലുമുള്ള നടപടികള്‍ റെയില്‍വേ തുടങ്ങിക്കഴിഞ്ഞു.

അതേസമയം, വന്ദേ ഭാരത് മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍ഗോഡിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *