കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ചു; മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം
അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യം 19 പന്തുകള്‍ ബാക്കി 8 വിക്കറ്റുമായി മുംബൈ മറികടന്നു. അര്‍ധ സെഞ്ച്വറി തികച്ച ക്വിന്റണ്‍ ഡികോക്കിന്റെ ബാറ്റിങ് മികവിലാണ് മുംബൈയുടെ ജയം. ഡികോക്ക് 44 പന്തില്‍ 78 റണ്‍സെടുത്തു. 3 സിക്‌സും 9 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം മാവിയും ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.
ലക്ഷ്യം ചെറുതെന്നിരിക്കെ തുടക്കത്തിലെ ആഞ്ഞുവീശുകയായിരുന്നു മുംബൈ. സ്‌കോര്‍ബോര്‍ഡില്‍ 94 റണ്‍സ് എഴുതിച്ചേര്‍ത്താണ് രോഹിത് ശര്‍മ പിരിഞ്ഞത്. അപ്പോഴേക്കും ജയത്തിന് തൊട്ടരികെ മുംബൈ എത്തുകയും ചെയ്തു. ആദ്യ 6 ഓവറില്‍ 51 തികച്ച മുംബൈയുടെ ആദ്യ വിക്കറ്റെടുക്കാന്‍ 11 ആം ഓവര്‍ വരെ കൊല്‍ക്കത്തയ്ക്ക് കാത്തിരിക്കേണ്ടി വന്നു. ശിവം മാവിക്കാണ് രോഹിത്തിന്റെ (36 പന്തില്‍ 35) വിക്കറ്റ്. 14 ആം ഓവറില്‍ ഒരിക്കല്‍ക്കൂടി മുംബൈയ്ക്ക് വിക്കറ്റ് നഷ്ടമായി. സൂര്യകുമാര്‍ യാദവിനെ (10 പന്തില്‍ 10) വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (11 പന്തിൽ 21) ഡികോക്കിന് പിന്തുണയേകി നിലയുറപ്പിച്ചു. ഇതോടെ കൊല്‍ക്കത്തയുടെ തോല്‍വിയും അതിവേഗത്തിലായി.
നേരത്തെ, ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 148 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ തികച്ചത്. 5 വിക്കറ്റും ടീമിന് നഷ്ടമായി. വാലറ്റത്തിറങ്ങിയ പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോറര്‍. കമ്മിന്‍സ് 36 പന്തില്‍ 53 റണ്‍സെടുത്തു. മുംബൈ നിരയില്‍ രാഹുല്‍ ചഹറിന് രണ്ടു വിക്കറ്റുണ്ട്. ട്രെന്‍ഡ് ബൗള്‍ട്ട്, നതാന്‍ കോള്‍ട്ടര്‍നൈല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റുവീതം കരസ്ഥമാക്കി.
തകര്‍ച്ചയോടെയാണ് കൊല്‍ക്കത്ത ഇന്നിങ്‌സ് ആരംഭിച്ചത്. നിനച്ചിരിക്കെ വിക്കറ്റുകള്‍ ഓരോന്നായി വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്ത സമ്മര്‍ദ്ദത്തിലായി. മൂന്നാം ഓവറില്‍ രാഹുല്‍ ത്രിപാഠിയാണ് (9 പന്തില്‍ 7) ആദ്യം മടങ്ങിയത്. ട്രെന്‍ഡ് ബൗള്‍ട്ടിന്റെ പന്തില്‍ സൂര്യകുമാര്‍ എടുത്ത തകര്‍പ്പന്‍ ക്യാച്ചില്‍ ത്രിപാഠി തിരിച്ചുകയറുകയായിരുന്നു. പവര്‍പ്ലേയ്ക്ക് മുന്‍പ് നിതീഷ് റാണയും (6 പന്തില്‍ 5) കൂടാരം കയറിയോടെ കൊല്‍ക്കത്ത അപകടം മണത്തു. കോള്‍ട്ടര്‍നൈലിനാണ് റാണയുടെ വിക്കറ്റ്. ഈ സമയം കൊല്‍ക്കത്തയുടെ സ്‌കോര്‍ രണ്ടിന് 33.
രാഹുല്‍ ചഹറിന്റെ എട്ടാം ഓവറിലാണ് അടുത്ത വിക്കറ്റുവീഴ്ച്ച. ശുബ്മാന്‍ ഗില്ലിനെയും 23 പന്തില്‍ 21) ദിനേശ് കാര്‍ത്തിക്കിനെയും (8 പന്തില്‍ 4) തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ ചഹര്‍ കുടുക്കിയതോടെ കൊല്‍ക്കത്ത പ്രതിസന്ധിയിലായി. ശേഷം റസ്സലിനൊപ്പം ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ മോര്‍ഗന്‍ ശ്രമിച്ചെങ്കിലും 11 ആം ഓവറില്‍ വീണ്ടും വിക്കറ്റുകൊഴിഞ്ഞു. ബുംറയുടെ ബൗണ്‍സറില്‍ റസ്സല്‍ (9 പന്തില്‍ 12) പതറിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അഞ്ചാമത്തെ വിക്കറ്റും നഷ്ടം. ശേഷമാണ് മോര്‍ഗന്‍ (29 പന്തിൽ 39) – കമ്മിന്‍സ് (36 പന്തിൽ 53) കൂട്ടുകെട്ട് ക്രീസില്‍ രൂപംകൊള്ളുന്നത്. അവസാനഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് കൊല്‍ക്കത്തയെ 149 റണ്‍സില്‍ ചെന്നെത്തിച്ചതും.