അവസാന മിനിറ്റിലെ ഗോളില്‍ മിന്നും ജയം സ്വന്തമാക്കി ഗോകുലം കേരള
തോല്‍വിയിലേക്ക് വീണു പോകുമെന്ന് തോന്നിയിടത്ത് നിന്ന് തിരിച്ച് വന്ന് ഗോകുലം കേരള എഫ് സി. ഐ ലീഗിലെ കിരീട പോരാട്ടത്തില്‍ അതി നിര്‍ണായകമായ മത്സരത്തില്‍ ഗോകുലം വിജയം സ്വന്തമാക്കി. രാജസ്ഥാന്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കുമ്പോളാണ് വിജയമുറപ്പിച്ച ഗോകുലത്തിന്റെ ഗോള്‍ വന്നത്.
ഗോകുലത്തിന്റെ ആധിപത്യം കണ്ട് തുടങ്ങിയ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് പക്ഷെ രാജസ്ഥാന്‍ യുണൈറ്റഡ് ആയിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ കിട്ടിയ ഫ്രീക്കികില്‍ നിന്ന് അമാന്‍ ഗോള്‍ നേടി. കേരള ഗോള്‍ കീപ്പര്‍ ഷിബിന്റെ പിഴവില്‍ നിന്നാണ് ആ ഗോള്‍ വന്നത്.
പിന്നീട് നിരവധി അവസരങ്ങള്‍ ഇരു ടീമുകളും തുറന്നെടുത്തെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെന്‍ണ്ടി ഗോകുലത്തിന് സമനില സമ്മാനിച്ചു. എട്ട് മിനിറ്റ് അധിക സമയം അവസാനിക്കുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും ഗോളുമായി തിളങ്ങിയ മെന്‍ണ്ടി ഗോകുലത്തിന് ആവേശ വിജയം സമ്മാനിച്ചു.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്താനും ഗോകുലത്തിനായി.17 കളികളില്‍ നിന്ന് 27പോയിന്റാണ് ഗോകുലത്തിന് നേടാനായത്.