ഇന്ത്യ-ശ്രീലങ്ക ഏകദിനം; ടിക്കറ്റ് വിൽപ്പന കുറഞ്ഞതിൽ ആശങ്ക പങ്കുവെച്ച് കെസിഎ
ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വിൽപ്പന കുറഞ്ഞതിൽ ആശങ്ക പങ്കുവെച്ച് കെസിഎ. ഇതുപോലൊരു മത്സരം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് ട്വന്റി ഫോറിനോട് പറഞ്ഞു. സംഘാടകർ എന്ന നിലയിൽ വിഷമം ഉണ്ട്. ബിസിസിഐയും ആശങ്ക പങ്കുവെച്ചു. കാണികൾ കുറയുന്നത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് ആശങ്കയുള്ളതായും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി.
കാര്യവട്ടത്ത് കളി കാണാൻ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു.
അതേസമയം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബിൽ അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഇന്ത്യ-ശ്രീലങ്ക ടീമുകൾ ഇന്ന് ഏറ്റുമുട്ടും. ഇന്നലെ ഇരു ടീമുകളും ഉച്ചയ്ക്ക് ശേഷം പരിശീലനത്തിനിറങ്ങിയിരുന്നു.