ജനാഭിമുഖ കുർബാന സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമെന്ന് സിറോ മലബാർ സഭ; എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി
ജനാഭിമുഖ കുർബാന സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് അനുവദിക്കാനാകില്ലെന്നും സിറോ മലബാർ സഭ സിനഡ് വ്യക്തമാക്കിയതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി രൂക്ഷമായി. സമരപരിപാടികളുമായി മുന്നോട്ടു പോവുകയാണെന്ന് എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റം അറിയിച്ചു. വിമത വിഭാഗത്തിന്റെ പ്രതിഷേധ റാലി ഇന്ന് വൈകീട്ട് എറണാകുളം മറൈൻഡ്രൈവിൽ നടക്കും.
എറണാകുളം അങ്കമാലി അതിരുപതയിൽ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മുന്‍ സിനഡിലെ നിര്‍ദേശത്തിൽ ഒടുവിൽ ഇത്തവണയും തീരുമാനമായില്ല. സഭയുടെ പൊതുനന്മ ബലി കഴിച്ചു കൊണ്ടുള്ള ഒത്തുതീർപ്പിന് സാധിക്കില്ലെന്നാണ് സിനഡ് നിലപാട്. എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയോഗിച്ച മെത്രാൻ സമിതി ചർച്ചകൾ തുടരും. അതുവരെ പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് വൈദികരോടും വിശ്വാസികളോടും സിനഡ് ആഹ്വാനം ചെയ്യുന്നത്. എറണാകുളം സെൻറ് മേരിസ് ബസിലിക്കയിലെ പ്രതിഷേധ പ്രകടനങ്ങൾ അപലപിക്കുമ്പോഴും ഇതെങ്ങനെ പരിഹരിക്കും എന്നതിനെക്കുറിച്ച് ഒരു നിർദ്ദേശവും സിനഡ് മുന്നോട്ട് വയ്ക്കുന്നില്ല. കുർബാനയെ അവഹേളിച്ചത്തിന് പരിഹാരമായി ഒരു മണിക്കൂർ നിശബ്ദ ആരാധന നടത്താൻ മാത്രമാണ് സിനഡ് നിർദേശം. അതേസമയം മെത്രാൻ സമിതിയുമായി നടത്തിയ ചർച്ചകളിൽ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ഇതിലെ തീരുമാനങ്ങൾ അപ്പോസ്തലറ്റിക് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അട്ടിമറിച്ചെന്നും വിമത വിഭാഗം ആരോപിക്കുന്നു.
ഇന്ന് മറൈൻഡ്രൈവിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പരമാവധി വിശ്വാസികളെ അണിനിരത്തി ശക്തി പ്രകടനമാക്കാനാണ് അല്മായ മുന്നേറ്റത്തിന്റെ തീരുമാനം. വൈദികർ ഉൾപ്പടെയുള്ളവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.