Saturday, October 19, 2024
Sports

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം; റെക്കോർഡുകൾക്കരികെ ധവാൻ

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. കൊളംബോ സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം ആരംഭിക്കുന്നത്. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ലങ്കയെ നേരിടാനൊരുങ്ങുന്നത്. ഇന്ത്യയുടെ സീനിയർ ടീം നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ്. രാഹുൽ ദ്രാവിഡാണ് ലങ്കൻ പര്യടനത്തിലെ ഇന്ത്യൻ ടീം പരിശീലകൻ

ധവാന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ഇന്ത്യൻ സ്‌ക്വാഡിലുണ്ട്. പരിചയസമ്പത്തിനാണ് മുൻതൂക്കം നൽകുന്നതെങ്കിൽ സഞ്ജു പ്ലേയിംഗ് ഇലവനിൽ ഇടം നേടും.

നിരവധി റെക്കോർഡുകൾക്ക് അരികിലാണ് ഇന്ത്യൻ നായകൻ ധവാൻ. ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ഏകദിന ക്യാപ്റ്റനെന്ന ഖ്യാതി 35കാരനായ ധവാന് ഇന്ന് സ്വന്തമാകും. ഏകദിന ക്രിക്കറ്റിൽ ആറായിരം റൺസ് ക്ലബ്ബിന്റെ പടിവാതിൽക്കലാണ് ധവാൻ. 23 റൺസ് കൂടി നേടിയാൽ ധവാന് ആറായിരം ക്ലബ്ബിലെത്താം

ഇതിന് മുമ്പ് ഒമ്പത് ഇന്ത്യൻ താരങ്ങളാണ് ആറായിരം റൺസ് ക്ലബ്ബിൽ ഇടം നേടിയിട്ടുള്ളത്. സച്ചിൻ, കോഹ്ലി, ഗാംഗുലി, ദ്രാവിഡ്, ധോണി, അസറുദ്ദീൻ, രോഹിത് ശർമ, യുവരാജ് സിംഗ്, സേവാഗ് എന്നിവരാണ് ധവാന് മുന്നിലുള്ളത്.

139 ഇന്നിംഗ്‌സുകളിൽ നിന്ന് 45.28 ശരാശരിയിൽ 5977 റൺസാണ് നിലവിൽ ധവാന്റെ സമ്പാദ്യം. 136 ഇന്നിംഗ്‌സുകളിലാണ് കോഹ്ലി ആറായിരം റൺസ് പിന്നിട്ടത്. കോഹ്ലിക്ക് ശേഷം ഏറ്റവും കുറവ് മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന നേട്ടവും ധവാന് സ്വന്തമാകും. 17 റൺസ് കൂടി നേടിയാൽ ശ്രീലങ്കക്കെതിരെ ആയിരം റൺസ് നേടുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായും ധവാൻ മാറും.

Leave a Reply

Your email address will not be published.