Thursday, January 9, 2025
Sports

മിശിഹായ്ക്ക് മുന്നിൽ വഴിമാറി ക്രൊയേഷ്യ; അര്‍ജന്റീന ഫൈനലിൽ

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ അധ്വാനിച്ചു കളിച്ച ക്രൊയേഷ്യയെ നിസഹായരാക്കി അര്‍ജന്റീന ഫൈനലിൽ. അൽവാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.

പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ 20 മിനിറ്റിൽ. ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചതോടെ, അർജന്റീന താരങ്ങൾ കാഴ്ചക്കാരായി. ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ അർജന്റീനയുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. 32ാം മിനിറ്റിൽ ആദ്യ ഗോളുമെത്തി. അൽവാരസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി കിക്കെടുത്തത് ക്യാപ്റ്റൻ ലയണൽ മെസ്സി പന്ത് വലയിലെത്തിച്ച് അർജന്റീനക്കായി ഏറ്റവും ​കൂടുതൽ ഗോൾ നേടുന്ന താരവുമായി.

11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്. 39-ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് വലകുലുക്കി. സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പർതാരം ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. മെസ്സി നൽകിയ എണ്ണം പറഞ്ഞ പാസ് ജൂലിയൻ അൽവാരസ് വലയിൽ നിക്ഷേപിച്ചു. ഡി പോളും അൽവാരസും പവലിയനിലെത്തിയപ്പോൾ ഈ ടൂർണമെന്റിൽ ആദ്യമായി ഡിബാലക്കും അവസരം ലഭിച്ചു.

നെതർലൻഡ്സിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോനി ടീമിനെ ഇറക്കിയത്. മഞ്ഞക്കാർഡുകൾ കണ്ട് സസ്പെൻഷനിലായ മാർക്കോസ് അക്യൂനയ്ക്കു പകരം നിക്കോളാസ് തഗ്ലിയാഫിക്കോ കളിച്ചു. ലിസാൻഡ്രോ മാർട്ടിനസിനു പകരം ലിയാൻഡ്രോ പരേദസും ആദ്യ ഇലവനിൽ ഇടംപിടിച്ചു. 35 വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ഖത്തര്‍ ലോകകപ്പിലെങ്കിലും ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ ശിരസ്സില്‍ ലോക കിരീടം ചാര്‍ത്തപ്പെടുമോ? മറഡോണയില്‍ നിര്‍ത്തിയ ആ വിജയത്തിന്റെ ചരിത്രം കാലം മെസ്സിയിലൂടെ പൂര്‍ത്തിയാക്കുമോ? കാത്തിരുന്നു കാണാം…

Leave a Reply

Your email address will not be published. Required fields are marked *