ചരിത്ര വിജയവുമായി അയർലാൻഡ്; ദക്ഷിണാഫ്രിക്കയെ 43 റൺസിന് അട്ടിമറിച്ചു
ഏകദിന ക്രിക്കറ്റിൽ അട്ടിമറി വിജയവുമായി അയർലാൻഡ്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 43 റൺസിനാണ് അവർ വിജയിച്ചത്. പരമ്പരയിലെ ആദ്യ ഏകദിനം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ 247 റൺസിന് എല്ലാവരും പുറത്തായി
നായകൻ ആൻഡ്രു ബാൽബിർനിയുടെ സെഞ്ച്വറി മികവിലാണ് അയർലാൻഡ് കൂറ്റൻ സ്‌കോർ നേടിയത്. 117 പന്തിൽ 10 ഫോറും രണ്ട് സിക്‌സും സഹിതം ബാൽബിർനി 102 റൺസെടുത്തു. 79 റൺസെടുത്ത ഹാരി ടെക്ടറും 45 റൺസെടുത്ത ജോർജ് ഡോക്ക്‌റെല്ലും നായകന് പിന്തുണ നൽകി
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപണർ ജാനെമൻ മലൻ 84 റൺസും റാസി വാൻഡെർ ഡസൻ 49 റൺസുമെടുത്തു. അയർലാൻഡിനായി മാർക്ക് അഡെയർ, ജോഷ്വാ ലിറ്റിൽ, ആന്റി മക്‌ബ്രൈൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ക്രെയ്ഗ് യംഗ്, സിമി സിംഗ്, ജോർജ് ഡോക്ക്‌റെൽ എന്നിവർ ഓരോ വിക്കറ്റും നേടി.