ദേശീയ തലത്തിലുള്ള എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ ചരിത്ര വിജയവുമായി വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥിനി
സുൽത്താൻ ബത്തേരി വടക്കനാട് കല്ലൂര്‍കുന്ന് കോളനിയില്‍ കരിയന്റെ മകള്‍ കെ.കെ രാധികയാണ് മികച്ച വിജയം നേടിയത്. കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നും ഈ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്ന ആദ്യ വിദ്യാര്‍ഥിനിയാണ് രാധിക.
പ്രാക്തന ഗോത്ര വര്‍ഗമായ കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നാണ് രാധിക എന്ന മിടുക്കിയുടെ വരവ്…രാജ്യത്തെ 22 നിയമ സര്‍വ്വകലാശാലകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ ഈ വിഭാഗത്തില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ വിദ്യാര്‍ത്ഥിനി. എസ് ടി വിഭാഗത്തില്‍ 1,022 ാം റാങ്കാണ് രാധിക കരസ്ഥമാക്കിയത്. ബത്തേരി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കരിയന്‍ – ബിന്ദു ദമ്പതികളുടെ മകളാണ് രാധിക..
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളായ രാജീവ് ഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നാണ് രാധിക പ്ലസ് ടു ഹ്യുമാനിറ്റീസ് പാസായത്.. പ്രവേശന പരീക്ഷയുടെ ഫലം പുറത്തു വന്നെങ്കിലും ഏത് സര്‍വ്വകലാശാലയിലാണ് പ്രവേശനം ലഭിക്കുകയെന്നത് വ്യക്തമായിട്ടില്ല. രാധികയുടെ നിയമ പഠനം കൊച്ചിയിലോ, ബംഗളൂരുവിലോ ആകാനാണ് സാധ്യത.
ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റേയും നേതൃത്വത്തിലുള്ള പരിശീലന ക്ലാസില്‍ പങ്കെടുത്താണ് രാധിക വിജയം കൈവരിച്ചത്. തുടര്‍പഠനത്തിനുള്ള മുഴുവന്‍ ചെലവുകളും ഐടിഡിപിയാണ് വഹിക്കുക. ആറ് മാസം മുൻപ് വിവാഹിതയായ രാധികയുടെ ഭർത്താവ് ഇരുളം ചീയമ്പം സ്വദേശി ഓട്ടോ ഡ്രൈവറായ മഹേഷാണ് .സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിക്കായി കോടതി മുറികളില്‍ ശബ്ദമുയര്‍ത്തുന്ന നാളുകളാണ് ഈ പെണ്‍കുട്ടിയുടെ സ്വപ്‌നം…