Saturday, April 12, 2025
Sports

ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്ക് സസ്പെന്‍ഷന്‍; ദക്ഷിണാഫ്രിക്കയെ ഐസിസി വിലക്കിയേക്കും

ജൊഹാനസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് വന്‍ പ്രതിസന്ധിയില്‍. രാജ്യത്തു ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ക്രിക്കറ്റ് സൗത്താഫ്രിക്കയെ (സിഎസ്എ) സൗത്താഫ്രിക്കന്‍ ഒളിംപിക് ബോഡി സസ്‌പെന്‍ഡ് ചെയ്തു. ഇതു വലിയ പ്രത്യാഘാതമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചു സൃഷ്ടിക്കുക. കാരണം ഐസിസി നിയമപ്രകാരം ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ല. ഇതു ലംഘിച്ചു കൊണ്ടാണ് രാജ്യത്തെ ഒളിംപിക് ബോഡിയുടെ നടപടി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

അടുത്തിടെ സിഎസ്എ പ്രസിഡന്റ് ക്രിസ് നെസ്‌നാനി, സിഇഒ ജാക്വസ് ഫോള്‍ എന്നിവര്‍ ചുമതലകളില്‍ നിന്നൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡിലെ എല്ലാവരും ഒഴിയാന്‍ ആവശ്യപ്പെട്ട ഒളിംപിക് കമ്മിറ്റി ക്രിക്കറ്റിന്റെ ഭരണവും ഏറ്റെടുത്തത്.

ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്കു സൗത്ത് ആഫ്രിക്കന്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ആന്റ് ഒളിംപിക് കമ്മിറ്റി (എസ്എഎസ്‌സിഒസി) അയച്ച കത്ത് ക്രിക്ക്ബസ് പുറത്തുവിട്ടിട്ടുണ്ട്. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഭരണച്ചുമതലയിലുള്ള മുഴുവന്‍ പേരും മാറി നില്‍ക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ഡിസംബര്‍ മുതല്‍ സിഎസ്എയിലെ അഴിമതിയെയും കെടുകാര്യസ്ഥതെയും കുറിച്ച് എസ്എഎസ്‌സിഒസിയുടെ പ്രത്യേക ടീം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് തലപ്പത്തുള്ളവരോട് മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സിഎസ്എയിലെ തലപ്പത്തെ ഈ അഴിമതിയും തുടര്‍ന്നുണ്ടായ അന്വേഷണവുമെല്ലാം നിങ്ങളുടെ ഭരണസമിതിയിലെ തന്നെ അംഗങ്ങള്‍, മുന്‍, നിലവിലെ ദേശീയ ടീമിലെ താരങ്ങള്‍, ഓഹരിയുടമകള്‍, സ്‌പോണ്‍സര്‍മാര്‍, ക്രിക്കറ്റ് ആരാധകര്‍ എന്നിവര്‍ക്കിടയില്‍ ആശങ്കയും അസ്വസ്ഥയും സൃഷ്ടിച്ചിട്ടുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവ വികാസങ്ങള്‍ പൊതുജനങ്ങള്‍, ഓഹരിയുടമകള്‍, സ്‌പോണ്‍സര്‍മാര്‍, സൗത്താഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ എന്നിവര്‍ക്കു ക്രിക്കറ്റിലുള്ള വിശ്വാസവും ആത്മവിശാസവും നഷ്ടപ്പെടുത്താന്‍ കാരണമായി എന്നതില്‍ സംശയമില്ല. കൂടാതെ ഇവയെല്ലാം ക്രിക്കറ്റിനു അപമാനമുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *