ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി
ടി-20 ലോകകപ്പിൽ കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി. രാജ്യത്ത്, കൊവിഡ് ബാധിതരായവർ നിർബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിൻവലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നത്.
കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് ഇടക്കിടെയുള്ള പരിശോധനയോ ഐസൊലേഷനോ ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. താരം മാച്ച് ഫിറ്റാണോ എന്ന് ടീം ഡോക്ടറിനു തീരുമാനമെടുക്കാമെന്നും ഐസിസി പറയുന്നു.
അതേസമയം, പാക് പേസർ ഷഹീൻ അഫ്രീദി ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം മുതിർന്ന ബാറ്റർ ഫഖർ സമാനും ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ന് ഗാബയിൽ നടക്കുന്ന സന്നാഹമത്സരത്തിൽ ഷഹീൻ അഫ്രീദി പന്തെറിഞ്ഞേക്കും. എന്നാൽ, ഫഖർ സമാൻ ഇതുവരെ മാച്ച് ഫിറ്റ് ആയിട്ടില്ല.
ഈ വർഷം ജൂലായിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഷഹീനു പരുക്കേറ്റത്. തുടർന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി-20 പരമ്പരയും നഷ്ടമായ താരം ലോകകപ്പിൽ മാച്ച് ഫിറ്റാവുമെന്ന് നേരത്തെ തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
ഇതിനിടെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ അയച്ച അടുത്ത വർഷത്തെ മൾട്ടി നാഷണൽ ഇവൻ്റ് അജണ്ടയിൽ ഏഷ്യാ കപ്പും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാർ ക്ലിയറൻസ് കൂടി ലഭിച്ചാലേ ഇന്ത്യ പാകിസ്താനിലെത്തൂ. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.
ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ മികച്ച സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് ഇന്ത്യ നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.