പാക് വീര്യം എരിഞ്ഞൊടുങ്ങി: വെയ്ഡ് വെടിക്കെട്ടിൽ ഓസ്‌ട്രേലിയ ഫൈനലിൽ
ടി20 ലോകകപ്പ് കലാശപ്പോരിൽ ന്യൂസിലാൻഡും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാക്കിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19 ഓവറിൽ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു
മുന്നേറ്റ നിരയിൽ ഡേവിഡ് വാർണർ മാത്രമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 49 റൺസെടുത്ത വാർണറാണ് ഓസീസ് ടോപ് സ്‌കോറർ. ഫിഞ്ച് പൂജ്യത്തിനും സ്മിത്ത് അഞ്ച് റൺസിനും മാക്‌സ് വെൽ 7 റൺസിനും വീണു
28 റൺസെടുത്ത മിച്ചൽ മാർഷും പുറത്തായതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. പിന്നീട് ക്രീസിലൊരുമിച്ച വെയ്ഡ്-സ്റ്റോയിനിസ് കൂട്ടുകെട്ടാണ് ഓസീസിനെ വിജയതീരമെത്തിച്ചത്. അവസാന 12 പന്തിൽ ഓസ്‌ട്രേലിയക്ക് ജയിക്കാൻ 22 റൺസ് വേണമായിരുന്നു. 19ാം ഓവറിലെ അവസാന മൂന്ന് പന്തുകളും സിക്‌സർ പായിച്ച് വെയ്ഡ് വിജയം പൂർത്തിയാക്കി.
17 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും സഹിതം വെയ്ഡ് 41 റൺസുമായി പുറത്താകാതെ നിന്നു. സ്റ്റോയിനിസ് 31 പന്തിൽ 40 റൺസെടുത്തു.